മൂവാറ്റുപുഴ: കൊറോണ ഭീതിമൂലം വ്യാപാര സ്ഥാപനങ്ങള്‍ അടച്ച് പൂട്ടലിൻ്റെ വക്കിലെത്തിയിരിക്കുന്ന സാഹചര്യത്തില്‍ പേഴ്ക്കാപ്പിള്ളി പായിപ്ര കവലയിലെ 40-ഓളം വരുന്ന കെട്ടിട ഉടമകള്‍ മാര്‍ച്ച് മാസത്തെ വാടക പകുതിയാക്കി കുറയ്ക്കാന്‍ തീരുമാനിച്ചു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പേഴയ്ക്കാപ്പിള്ളി യൂണിറ്റിന് കീഴില്‍ വരുന്ന കെട്ടിട ഉടമകളുടെ യോഗത്തിൽ പ്രസിഡൻ്റ് പി.എ.കബീർ അദ്ധ്യക്ഷത വഹിച്ചു. ഇതോടൊപ്പം ചെറുകിട വ്യാപാരികള്‍ക്ക് മര്‍ച്ചൻ്റ് സഹകരണ സംഘത്തില്‍ നിന്നും 25000 രൂപ പലിശ രഹിത വായ്പ ഒരുവര്‍ഷത്തേയ്ക്ക് അനുവദിക്കും. യോഗത്തില്‍ മര്‍ച്ചൻ്റ് അസോസിയേഷന് വേണ്ടി പ്രസിഡൻ്റ് പി.എ.കബീര്‍, കെ.ഇ.ഷാജി, പി.സി.മത്തായി, എം.എ.നാസ്സര്‍, ജോബി ജോസഫ്, സുലൈഖ അലിയാര്‍, നൗഷാദ് കെ.എ എന്നിവരും കെട്ടിട ഉടമകള്‍ക്ക് വേണ്ടി അസ്ലം മൗലവി കല്ലുവെട്ടിക്കുഴി, കൊച്ചുണ്ണി തോട്ടത്തികുടി, ബഷീര്‍ വാഴച്ചാലില്‍, വി.എം.നവാസ് വലിയപറമ്പില്‍, നൗഷാദ് പ്ലാമൂട്ടില്‍, റ്റി.പി.മൈതീന്‍ വലിയപറമ്പില്‍, എം.എം.ഷിയാസ് എന്നിവരും പങ്കെടുത്തു.