മൂവാറ്റുപുഴ: കൊറോണ വൈറസ് പടർന്ന് പിടിക്കാൻ തുടങ്ങിയതോടെ വ്യാപാര മേഖലയിൽ അടക്കം സർക്കാർ നിയന്ത്രണം ഏർപ്പെടുത്തുമ്പോൾ വ്യാപാരി സമൂഹത്തിനുണ്ടാകുന്ന കനത്ത ആഘാതത്തിന് അറുതിവരുത്താൻ വാടക ഇളവിനായി മൂവാറ്റുപുഴയിലെ കെട്ടിട ഉടമകളുടെ യോഗം വിളിക്കാൻ മൂവാറ്റുപുഴയിൽ നടന്ന യോഗത്തിൽ തീരുമാനമായി. എൽദോ എബ്രഹാം എം.എൽ.എയുടെയും മർച്ചൻ്റ് അസോസിയേഷൻ ഭാരവാഹികളുടെും നേതൃത്വത്തിൽ മൂവാറ്റുപുഴയിൽ നടന്ന യോഗത്തിലാണ് തീരുമാനം.
മൂവാറ്റുപുഴയിലെ വ്യാപാരികൾക്ക് വാടക ഇളവ് അനുവദിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മർച്ചൻ്റ് അസോസിയേഷൻ പ്രസിഡൻ്റ് അജ്മൽ ചക്കുങ്ങൾ എൽദോ എബ്രഹാം എം.എൽ.എക്കും നഗരസഭ ചെയർപേഴ്‌സൺ ഉഷ ശശീധരനും നിവേദനം നൽകി. മൂവാറ്റുപുഴ മർച്ചൻ്റ് അസോസിയേഷൻ ഹാളിൽ നടന്ന യോഗത്തിൽ മർച്ചൻ്റ് അസോസിയേഷൻ പ്രസിഡൻ്റ് അജ്മൽ ചക്കുങ്ങൽ അദ്ധ്യക്ഷത വഹിച്ചു. എൽദോ എബ്രഹാം എം.എൽ.എ യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പർ എൻ.അരുൺ, അസോസിയേഷൻ ജനറൽ സെക്രട്ടറി കെ.എ.ഗോപകുമാർ, ട്രഷറർ കെ.എം.ഷംസുദ്ദീൻ ഭാരവാഹികളായ പി.യു.ഷംസുദ്ദീൻ, പി.എം.ഫൈസൽ, ജയ്‌സൺ ജോയി, പി.എം.സലീം, സ്മിത്ത് വർഗീസ്, ഫഹദ് ബിൻ ഇസ്മയിൽ, യൂത്ത് വിംഗ് ഭാരവാഹികളായ ആരിഫ്.പി.വി.എം, ജോബി അഗസ്റ്റിയൻ എന്നിവർ സംസാരിച്ചു.