കൊച്ചി: എറണാകുളത്ത് ഇന്നല കൊറോണ സ്ഥിരീകരിച്ചത് ലണ്ടൻ സ്വദേശിക്കും ദുബായിൽ നിന്നെത്തിയ എറണാകുളം സ്വദേശിക്കുമാണ്. മൂന്നാർ സന്ദർശിച്ച് മടങ്ങാൻ ശ്രമിച്ച സംഘത്തിലെ അംഗമാണ് 61 കാരിയായ ലണ്ടൻ സ്വദേശി. ഇവരുടെ ഭർത്താവ് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

ദുബായിൽ നിന്ന് ഞായറാഴ്ച എത്തിയ 56 കാരനാണ് എറണാകുളം സ്വദേശി. എമിറേറ്റ്സ് വിമാനത്തിൽ എത്തിയ അദ്ദേഹത്തിന് രോഗലക്ഷണങ്ങൾ പരിശോധനയിൽ കണ്ടെത്തി മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റിയിരുന്നു. പരിശോധനാഫലം ഇന്നലെയാണ് ലഭിച്ചത്. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

എറണാകുളത്ത് രോഗം സ്ഥിരീകരിച്ചവർ 13 ആയി. ഇവരിൽ മൂന്നുപേർ മാത്രമാണ് എറണാകുളം ജില്ലക്കാർ. ഏഴുപേർ ലണ്ടൻകാരായ വിനോദസഞ്ചാരികളാണ്. മറ്റുള്ളവർ നെടുമ്പാശേരിയിൽ വിമാനമിറങ്ങിയ മറ്റു ജില്ലക്കാരും.