kochi

കൊച്ചി: ലോക്ക് ഡൗണിന്റെ ഭാഗമായി നിശ്ചലമായിരിക്കുകയാണ് വ്യാവസായിക തലസ്ഥാനം. നാടും നഗരവും കനത്ത പൊലീസ് നിരീക്ഷണത്തിലാണ്. രാവിലെ മുതൽ എറണാകുളം റൂറൽ,​ സിറ്റി പൊലീസ് സംയുക്തമായി ഗ്രാമങ്ങളിലും നഗരങ്ങളിലും പട്രോളിംഗും പരിശോധനകളും ശക്തമാക്കിയിട്ടുണ്ട്. എന്നാൽ,​ കർശന നിർദ്ദേശം നൽകിയെങ്കിലും രാവിലെ മുതൽ സ്വകാര്യ വാഹനങ്ങൾ ഒന്നിന് പിന്നാലെ ഒന്നായി നിരത്തിൽ ഇറങ്ങി. ഇത് പൊലീസിന് നേരിയ തലവേദന സൃഷ്ടിച്ചു. നിർദ്ദേശം ലംഘിച്ച് യാത്ര ചെയ്യുന്നവർക്ക് എതിരെ കർശന നടപടിയും ബോധവത്കരണവും നൽകി മടക്കി അയക്കുകയാണ് ചെയ്യുന്നത്.

എറണാകുളം ജില്ലയിൽ നഗര,​ ഗ്രാമ വ്യത്യാസമില്ലാതെ രാവിലെ മുതൽ കട കമ്പോളങ്ങൾ അടഞ്ഞ് കിടക്കുകയാണ്. മെഡിക്കൽ ഷോപ്പുകൾ തുറന്ന് പ്രവർത്തിക്കുന്നുണ്ട്. മഹാ ഭൂരിഭാഗം ഹോട്ടലുകളും അടഞ്ഞ് കിടക്കുകയാണ്. ചില ഹോട്ടലുകൾ ഹോം ഡെലിവറികൾ നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.


കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഇന്നലെയാണ് എറണാകുളം ജില്ലയിൽ കളക്ടർ എസ്. സുഹാസ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ആളുകൾ പുറത്ത് സംഘം ചേരുന്നതും തിരക്ക് കൂടുന്നതും ഒഴിവാക്കാനാണ് നടപടി. വളരെ അടിയന്തര സാഹചര്യങ്ങളിലല്ലാതെ ഒരു വീട്ടിൽ നിന്ന് ഒരു വ്യക്തി പോലും പുറത്തിറങ്ങരുതെന്നാണ് നിർദേശം. മാർച്ച് 31 വരെയാണ് നിരോധനാജ്ഞ. അതേസമയം, ജില്ലയിൽ 144 പ്രഖ്യാപിച്ചത് പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കാനല്ലെന്നും എല്ലാവരുടെയും സുരക്ഷയ്ക്ക് വേണ്ടിയാണെന്നും കളക്ടർ പറയുന്നു. ജില്ലയിൽ മുഴുവൻ ലോക്ക് ഡൗൺ ഉറപ്പാക്കി വൈറസ് വ്യാപനം തടയാൻ കഠിനാധ്വാനം ചെയ്യുന്നവരോട് സഹകരിക്കണമെന്നും കളക്ടർ അഭ്യർത്ഥിച്ചു. അതീവജാഗ്രതയോടെ പ്രവർത്തിക്കേണ്ട സമയമാണ് ഇതെന്നും എല്ലാവരുടെയും സഹകരണം വേണമെന്നും കളക്ടർ ആവശ്യപ്പെട്ടു.