കൊച്ചി: ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾ പാലിക്കാതെ, ബ്രിട്ടണിലേക്ക് കടന്ന സഹോദരങ്ങൾക്ക് എതിരെ പൊലീസ് കേസ് എടുത്തു. പറവൂർ പെരുവാരം സ്വദേശികൾക്ക് എതിരെയാണ് കേസ്. കഴിഞ്ഞ 13നാണ് ഇവർ ബ്രിട്ടണിൽ നിന്നും നാട്ടിൽ എത്തിയത്. തുടർന്ന് ആരോഗ്യ വകുപ്പ് അധികൃതർ ഇവരെ സമീപിച്ച് വീട്ടിൽ നിരീക്ഷണത്തിൽ തുടരാൻ നിർദ്ദേശിച്ചു. എന്നാൽ, നെടുമ്പാശേരി വിമാനത്താവളം അടയ്ക്കുന്നതിനു മുമ്പേ രഹസ്യമായി കടന്നുകളയുകയായിരുന്നു.
21 ന് പുലർച്ചെയാണ് വീട്ടിൽ നിന്ന് നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയത്. രാവിലെ ഒമ്പതരയ്ക്ക് ദുബായിലേയ്ക്കും അവിടെ നിന്ന് ബ്രിട്ടനിലേയ്ക്കുമാണ് ഇരുവരും പോയത്. ഇവരുടെ മാതാപിതാക്കളും ബ്രിട്ടനിലാണ്. കടന്നുകളഞ്ഞ സഹോദരങ്ങളിൽ ഒരാൾ ഫാർമസിസ്റ്റും മറ്രൊരാൾ സി.സി.എ വിദ്യാർത്ഥിയുമാണ്. 22ന് ബ്രിട്ടനിലെത്തിയ ഫാർമസിസ്റ്റ് ഇന്നലെ ജോലിയിൽ പ്രവേശിച്ചു. അഞ്ച് വർഷങ്ങൾക്കു ശേഷമാണ് സഹോദരങ്ങൾ നാട്ടിലെത്തിയത്. ഇവരുടെ അമ്മൂമ്മ രണ്ട് മാസം മുമ്പ് മരിച്ചു. അന്ന് അച്ഛനും അമ്മയും മാത്രമാണ് നാട്ടിലെത്തിയത്. വിദേശത്തു നിന്ന് വന്നതിനാൽ നിരീക്ഷണത്തിൽ കഴിയേണ്ട ഇവർ പുറത്തിറങ്ങി നടക്കുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഇതുസംബന്ധിച്ച് പരാതിപ്പെട്ടിരുന്നു.
തുടർന്നാണ് വീട്ടിൽ നിന്ന് ഇരുവരും പുറത്ത് ഇറങ്ങരുതെന്ന് ആരോഗ്യവകുപ്പും പൊലീസും കർശന നിർദ്ദേശം നൽകിയത്. 20ന് വൈകിട്ടുവരെ പൊലീസ് ഇവരുടെ വീട്ടിലെത്തി വിവരങ്ങൾ ശേഖരിച്ചിരുന്നു. എന്നാൽ തൊട്ടടുത്ത ദിവസം ബ്രിട്ടനിലേയ്ക്ക് പോകാൻ തയ്യാറെടുക്കുന്ന വിവരങ്ങൾ അറിയിച്ചിരുന്നില്ല. 22ന് രാത്രിയോടെയാണ് ഇവർ വിദേശത്തേയ്ക്ക് കടന്നതായി അധികൃതർ അറിയുന്നത്. വിമാനസർവീസ് നിറുത്തുന്നതിനാലും വിസ കാലാവധി അധികനാൾ ഇല്ലാതിരുന്നതിനാലുമാണ് ഇവർ ബ്രിട്ടനിലേയ്ക്ക് പോയതെന്നാണ് ബന്ധുക്കളുടെ വിശദീകരണം. രണ്ടുപേർക്കും രോഗലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ല.