കോലഞ്ചേരി: കൊറോണ പാരയായി. വില്പനയ്ക്ക് മാർഗമില്ല പൈനാപ്പിൾ കർഷകർക്ക് കണ്ണീരു മാത്രം. കച്ചവട കേന്ദ്രങ്ങൾ അടച്ചതോടെ ഏക്കർ കണക്കിന് പൈനാപ്പിൾ തോട്ടങ്ങളാണ് നശിക്കുന്നത്. പൈനാപ്പിൾ ശേഖരിച്ച് ഇതര സംസ്ഥാനങ്ങളിലേക്ക് അയച്ചിരുന്ന മൂവാറ്റുപുഴ വാഴക്കുളം, കോട്ടയം കുറുപ്പന്തറ സംഭരണ കേന്ദ്രങ്ങൾ അടച്ചിട്ടതോടെ തോട്ടങ്ങളിൽ നിന്നുമുള്ള പൈനാപ്പിൾ വെട്ടി വില്പനക്കെത്തിക്കാൻ കഴിയുന്നില്ല. വിളവെടുപ്പിന് പാകമായ പൈനാപ്പിളുകൾ തോട്ടത്തിൽ കിടന്ന് നശിക്കുകയാണ്.

വിപണികൾ കൂട്ടമായി അടച്ചതോടെ പ്രാദേശിക വിപണികളിലെ വില്പനയും നിലച്ചു. കാർഷിക വായ്പകളും, സ്വർണം പണയം വെച്ചുമാണ് പലരും കൃഷിയിറക്കിയത്. ഏക്കറിന് 80000 രൂപ വരെ ശരാശരി പാട്ടത്തുക തന്നെ വരും. കാനിയ്ക്കും, മരുന്നും, വളവും നനയുമായി മുടക്കിയതും ലക്ഷങ്ങളാണ്.

വേനൽ കാലമായതോടെ നല്ല വിലയുള്ള സമയത്താണ് ഇരുട്ടടി പോലെ കൊറോണ വന്നു പെട്ടത്. 100 മുതൽ 150 ലോഡ് വരെ പൈനാപ്പിൾ ആഴ്ചയിൽ സംഭരിച്ച് കയ​റ്റി അയച്ചിരുന്നതാണ്. ഡൽഹി, മുംബയ്, ഗുജറാത്ത്, പുണെ, രാജസ്ഥാൻ തുടങ്ങിയ കച്ചവട കേന്ദ്രങ്ങൾ അടച്ചതോടെ പൈനാപ്പിളുമായി പോയ നൂറ് കണക്കിന് ലോറികൾ വഴിയിൽ കിടക്കുകയാണ്.

ഇതര സംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെ നാട്ടിലേക്ക് പോയതും കർഷകരെ പ്രതിസന്ധിയിലാക്കി. തോട്ടത്തിൽ കിടന്ന് ചീഞ്ഞാൽ തുടർ കൃഷിയെ ബാധിക്കും. എന്തു ചെയ്യുമെന്നറിയാതെ കുഴങ്ങിയിരിക്കുകയാണ് കർഷകർ.