കോലഞ്ചേരി: കോറോണ പ്രതിരോധത്തിൻ്റെ ഭാഗമായി സംസ്ഥാനത്തെങ്ങും പൂർണ നിയന്ത്രണം വന്നതോടെ വെട്ടിലായത് വിവാഹ പാർട്ടികളുടെ കരാറുകാരും കാറ്ററിംഗ് രംഗത്തുള്ളവരുമാണ്. പാചകം മുതൽ വിളമ്പുന്നതു വരെ വിവിധ ജോലികൾ ചെയ്തിരുന്ന നൂറുകണക്കിനു സ്ത്രീകൾ ഉൾപ്പെടെയുള്ളവരുടെ വരുമാനം നിലച്ച അവസ്ഥയാണ്. ആഘോഷ പരിപാടികൾ ഒഴിവാക്കിയതോടെ ഓഡിറ്റോറിയം, സ്റ്റേജ് ഡെക്കറേഷൻ, ടാക്‌സി സർവീസ് തുടങ്ങിയ മേഖലകളിൽ വരുമാനം കണ്ടെത്തിയിരുന്നവരും കഷ്ടത്തിലായി.ലൈറ്റ് ആൻഡ് സൗണ്ട്, പന്തൽ ജോലികൾ നടത്തുന്നവർ, പ്രിൻ്റിംഗ് പ്രസുകൾ, ഉത്സവ സ്ഥലങ്ങളിൽ കച്ചവടം നടത്തിയിരുന്നവർ, ഓട്ടോ,ടാക്സി തൊഴിലാളികൾ എന്നിവരെല്ലാം കൊറോണ പിടിയിലായതോടെ കടുത്ത പ്രതിസന്ധിയിലാണ്.
#കാറ്ററിംഗ് മേഖല കനത്ത പ്രതിസന്ധിയിൽ
വിവാഹം പോലുള്ള ആഘോഷ പരിപാടികൾ മാറ്റിവയ്ക്കുകയോ ലളിതമായി നടത്തുകയോ ചെയ്യേണ്ടതായ സാഹചര്യം വന്നതോടെ ഈ സീസൺ കാറ്ററിംഗ് സർവീസുകാർക്കു നഷ്ടത്തിൻ്റേതായി. ഇത്തവണ പ്രതീക്ഷിച്ച ബിസിനസിൽ 10 ശതമാനം പോലും ലഭിച്ചിട്ടില്ലെന്നാണ് കാറ്ററിംഗ് മേഖലയിലുള്ളവർ പറയുന്നത്.
#ഓർഡറുകളെല്ലാം റദ്ദായി
ജൂലായ് മാസം വരെ ബുക്ക് ചെയ്തിരുന്ന വലുതും ചെറുതുമായ എല്ലാ ഓർഡറുകളും റദ്ദായി . നിലവിൽ ബുക്കു ചെയ്തിരുന്ന 60 ലധികം പ്രോഗ്രാമുകളാണ് ഒഴിവാക്കിയത്. വിദേശത്തു നിന്നുമെത്തുന്നവരുടെ പരിപാടികളാണ് കൂടുതലും റദ്ദാക്കിയത്. മാറ്റിയതെല്ലാം 2021 ജനുവരിക്കു ശേഷമാണ് ഇനി നടത്തുന്നത്.
അജിൻ മാത്യു ,അലാ കാർട്ടെ കാറ്ററിംഗ് ,കൊച്ചി
#ആധിയിലാണ് കലാലോകം
നാടകം, ബാലെ, ഗാനമേള, മിമിക്‌സ്, നാടൻ പാട്ട് ട്രൂപ്പുകൾ, വിവിധ വാദ്യകലാകാരൻമാർ, എഴുന്നള്ളത്തിൽ ഉൾപ്പെടെ വിവിധ കലാരൂപങ്ങൾ അവതരിപ്പിക്കുന്നവർ തുടങ്ങിയവരെല്ലാം ഉത്സവകാലം കൊറോണ കവർന്നതോടെ ബുദ്ധിമുട്ടിലാണ്. മാർച്ച് 10 നു ശേഷം കാര്യമായ പരിപാടികളൊന്നും നടന്നിട്ടില്ല. മെയ് അവസാനം വരെ ബുക്ക് ചെയ്തിരുന്ന കലാപരിപാടികളെല്ലാം റദ്ദായി.പരിപാടികൾ കൂട്ടത്തോടെ റദ്ദായതോടെ പല ട്രൂപ്പുകളും കലാകാരൻമാരും കടുത്ത പ്രതിസന്ധിയിലാണ്.
ഷാജി സരിഗ, പ്രോഗ്രാം കോ ഓർഡിനേറ്റർ, പെരുമ്പാവൂർ