police
പട്ടിമറ്റത്ത് നടന്ന പൊലീസ് പരിശോധന നടത്തുന്നു

കോലഞ്ചേരി: പുറത്തിറങ്ങാൻ ഓരോരുത്തർക്ക് ഓരോ കാരണങ്ങൾ. ലോക്ക് ഡൗൺ നിർദ്ദേശങ്ങൾ അനുസരിക്കാൻ ജനങ്ങൾ വിമുഖത കാണിക്കുന്നു. കോലഞ്ചേരി മേഖലയിൽ പൊലീസ് പരിശോധന കർശനമാക്കി. അതി രാവിലെ പൊതുവെ നിരത്തിലിറങ്ങാതിരുന്നവർ ഇന്നലെ 11മണിയോടെ ബൈക്കുകളും കാറുകളുമായി നഗരങ്ങളിലേയ്ക്കിറങ്ങി. ചെറുപ്പക്കാരുടെ സംഘങ്ങളാണ് കൂടുതലായും എത്തിയത്.

ദൃശ്യ, പത്ര മാദ്ധ്യമങ്ങളിലടക്കം കടകൾ തുറക്കുന്നത് സംബന്ധിച്ച് നിർദ്ദേശങ്ങൾ നൽകിയിരുന്നെങ്കിലും ഇന്നലെ രാവിലെ ചേലക്കുളം, കാവുങ്ങൽ പറമ്പ്, പട്ടിമറ്റം, കോലഞ്ചേരി, പുത്തൻകുരിശ്, വടയമ്പാടി മേഖലകളിൽ തുറന്ന ഏതാനും ഹോട്ടലുകൾ, മൊബൈൽ റീ ചാർജ് സെന്ററുകൾ, ബേക്കറികൾ, ഇറച്ചി വില്പന ശാലകൾ തുടങ്ങിയവ അടപ്പിച്ചു.

#പുറത്തിറങ്ങാൻ ഓരോ കാരണങ്ങൾ
പൊലീസ് പട്ടിമറ്റം, മനയ്ക്കക്കടവ്, കോലഞ്ചേരി, പത്താംമൈൽ, പുത്തൻ കുരിശ് എന്നിവിടങ്ങളിൽ പരിശോധന നടത്തി. പരിശോധനയിൽ ആശുപത്രി, മെഡിക്കൽഷോപ്പ്, മരണാവശ്യങ്ങൾ, പലചരക്ക്, പച്ചക്കറി വാങ്ങൽ എന്നിങ്ങനെ വിവിധ ആവശ്യങ്ങളാണ് പറയുന്നത്. പലരും പറഞ്ഞത് പച്ചക്കള്ളമാണെന്ന് തിരിച്ചറിഞ്ഞിട്ട‌ും പൊലീസ് ഉപദേശങ്ങൾ നൽകി വിട്ടയച്ചു. ഇന്നു മുതൽ ഉപദേശമുണ്ടാകില്ല. ലോക്ക് ഡൗണിന്റെ ആദ്യ ദിനമായതിനാൽ നൽകിയ ഇളവുകൾ തുടരില്ല.

#സാധനങ്ങൾ വാങ്ങി കൂട്ടി ജനം

നഗരത്തിലെ പച്ചക്കറി, പലചരക്കു കടകളിൽ രാവിലെ മുതൽ ജനക്കൂട്ടമാണ്. സാധനങ്ങൾ വാങ്ങി സ്റ്റോക്കു ചെയ്യുന്ന തിരക്കിലാണ് പലരും. പല ചരക്കുകൾ എത്തേണ്ടത് മൊത്ത വ്യാപാര സ്ഥാപനങ്ങളിൽ എത്തുന്നില്ലെന്ന് വ്യാപാരികൾ പറയുന്നു.വെള്ളിയാഴ്ചയ്ക്ക് ശേഷം ചരക്കൊന്നും എത്തിയിട്ടില്ലെന്നാണ് കച്ചവടക്കാർക്ക് ലഭിച്ച വിവരം. ഇന്നും നാളെയുമായി സുഗമമായി ലോഡെത്തുമെന്നാണ് പ്രതീക്ഷ.

#വില കൂട്ടിയതിന് താക്കീത്

പല ചരക്കു സാധനങ്ങൾ വില 5 മുതൽ 10 രൂപ വരെ കൂടിയിട്ടുണ്ട്. തമിഴ് നാട്ടിൽ നിന്നും പച്ചക്കറി ലോറികൾ ഇന്നലെ എത്തിയതിനാൽ പച്ചക്കറി, കടകളിൽ ആവശ്യത്തിന് സ്റ്റോക്കുണ്ട്. തിങ്കളാഴ്ച ഒറ്റ ദിവസം കൊണ്ട് ഉയർന്ന വിലയിലും കാര്യമായ കുറവു വന്നു. 40 മുതൽ 60 വരെ ഉയർന്ന വില താഴ്ന്ന് നേരത്തെ ഉണ്ടായിരുന്ന വിലയിൽ നിന്ന് 10 - 15 വരെ മാറ്റത്തിൽ വില്പനയുണ്ട്. വില കൂട്ടി വിറ്റ മേഖലയിലെ ഏതാനും കടയുടമകൾക്ക് പൊലീസ് താക്കീതു നൽകി.

#സാധനങ്ങൾ വാങ്ങാൻ ഇറങ്ങേണ്ടത് ഒരാൾ മാത്രം

അത്യാവശ്യ സാധനങ്ങൾ വാങ്ങാൻ വീടുകളിൽ നിന്നും ഒരാൾ മാത്രം പുറത്തിറങ്ങുക. പ്രായമായവരും, കുട്ടികളുമായി ഇറങ്ങരുത്. റോഡിലിറങ്ങുന്ന വാഹനങ്ങളെ കർശനമായി നിയന്ത്രിക്കും.

സാജൻ സേവ്യർ, സി.ഐ പുത്തൻകുരിശ്

#ഇന്നു മുതൽ കേസെടുക്കും

ഇന്നു മുതൽ പരിശോധന കർശനമാക്കും. കറങ്ങി നടക്കുന്നവർക്കെതിരെ കേസെടുക്കും. അവശ്യ സാധന വില്പന കേന്ദ്രങ്ങളിൽ ഒരേ സമയം അഞ്ചിലേറെ പേരെ അനുവദിക്കില്ല

വി.ടി ഷാജൻ, കുന്നത്തുനാട് സി.ഐ

ഇന്നു മുതൽ ഉപദേശമുണ്ടാകില്ല.

പലരുടെയും ലക്ഷ്യം ലോക്ക് ഡൗൺ കാഴ്ച കാണൽ