കൊച്ചി: കൊറോണജാഗ്രത റോഡുപണികളെയും ബാധിച്ചു. പൊതുസ്ഥലത്ത് ആളുകൾ കൂട്ടം കൂടാൻ പാടില്ലെന്ന ഉത്തരവ് പ്രാബല്യത്തിലായതോടെ പലയിടങ്ങളിലും പണികൾ നിറുത്തി വച്ചു. ഷിപ്പയാർഡിന്റെ മുന്നിലുണ്ടായിരുന്ന കുഴി മൂടിയത് ആശ്വാസമായി. ബി.എം.ആൻഡ് ബി.സി നിലവാരത്തിൽ ഈ റോഡ് ടാർ ചെയ്യുന്നതിന് കരാറായെങ്കിലും പണി തുടങ്ങാൻ കഴിയാത്ത സാഹചര്യമാണ്.
# എല്ലാം ശരിയായപ്പോൾ
കൊറോണ
31 നുള്ളിൽ നഗരത്തിലെ താറുമാറായി കിടക്കുന്ന സകല റോഡുകളുടെയും ടാറിംഗ് പൂർത്തിയാക്കണമെന്ന കോടതി നിർദേശത്തിന്റെ പശ്ചാലത്തലത്തിൽ പണികൾ ആരംഭിക്കാൻ നഗരസഭ ഒരുക്കം നടത്തുന്നതിനിടെയാണ് ഇടിത്തീ പോലെ കൊറോണയുടെ വരവ്. സാധാരണ ഗതിയിൽ മാർച്ച് പകുതിയോടെയാണ് റോഡുപണികൾ തുടങ്ങുന്നത്. പ്ളാൻ ഫണ്ട് വിഹിതം ലഭിച്ചതിനാൽ പണത്തിന്റെ ക്ഷാമം മാറി. . കുടിശികയിലെ ഒരു വിഹിതം ലഭിക്കുമെന്ന് ഉറപ്പ് ലഭിച്ചതോടെ കരാറുകാർക്കും ആശ്വാസമായി. പ്രവൃത്തികൾ ഏറ്റെടുക്കാൻ അവർ തയ്യാറായി. അങ്ങനെ എല്ലാം ഒത്തുവന്നപ്പോൾ വില്ലനായി കൊറോണ വൈറസെത്തി. ഇതോടെ കാര്യങ്ങൾ കീഴ്മേൽ മറിഞ്ഞു. പണി എന്നു തുടങ്ങുമെന്ന് പറയാൻ കഴിയാത്ത അവസ്ഥയായി.
# വെട്ടിലായി പൊതുമരാമത്തും
കോർപ്പറേഷൻ മാത്രമല്ല പി.ഡബ്ളിയു. ഡി, ജി.സി.ഡി.എ തുടങ്ങിയ ഏജൻസികളും കൊറോണ മൂലം വെട്ടിലായി.കേബിളിടുന്നതിനായി കെ.എസ്.ഇ.ബി ഈ റോഡുകളുടെ പല ഭാഗങ്ങളും കുത്തിപ്പൊളിച്ചിരിക്കുകയാണ്. കെ.എസ്.ഇ.ബി.യുടെയും വാട്ടർ അതോറിറ്റിയുടെയും പൈപ്പിടൽ ജോലികൾക്കായി റോഡ് കുത്തിപ്പൊളിക്കുന്നത് തലവേദനയായി തീർന്നിരിക്കുകയാണെന്ന് ഉദ്യോഗസ്ഥർ പറയുന്നു. 31 നുള്ളിൽ പ്രവർത്തികൾ പൂർത്തിയാക്കണമെന്ന് അവർക്ക് അന്ത്യശാസനം നൽകിയിരുന്നു. അതു കഴിഞ്ഞാലുടൻ ടാറിംഗ് ആരംഭിക്കാനുള്ള പദ്ധതി പൊളിഞ്ഞതിന്റെ നിരാശയിലാണ് പൊതുമരാമത്ത് ഉദ്യോഗസ്ഥർ.
പള്ളുരുത്തിയിലെ റോഡ് പണി അവസാനിപ്പിക്കാൻ കഴിഞ്ഞ ദിവസം പൊലീസ് നിർദേശം നൽകി.
ഓൾഡ് തേവര റോഡിന്റെ അറ്റകുറ്റപ്പണികൾ തുടങ്ങാൻ കഴിഞ്ഞില്ല.
ഇടപ്പള്ളി ദേവൻകുളങ്ങരയിലെ സമാധി റോഡ് ഉൾപ്പെടെ നിരവധി റോഡുകളുടെ അറ്റകുറ്റപ്പണിനിലച്ചു
. പാലാരിവട്ടം സിവിൽ ലൈൻ റോഡ്, വെണ്ണല -പാലച്ചുവട് റോഡ് -തുതിയൂർ റോഡ് എന്നിവയുടെ പണിയും മുടങ്ങി
കലൂർ - കടവന്ത്ര റോഡ് അറ്റകുറ്റപ്പണി, നടപ്പാത നവീകരണം, മറൈൻഡ്രൈവ് സൗന്ദര്യവത്കരണം തുടങ്ങി ജി.സി.ഡി.എയുടെ നിരവധി പദ്ധതികളും തുടങ്ങാൻ കഴിയാത്ത അവസ്ഥ