എറണാകുളം ജില്ലാ പൊലീസിന്റെ സഹായം തേടി
ആലുവ: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് പൈനാപ്പിൾ ഉൾപ്പെടെയുള്ള ചരക്കുകളുമായി പോയി തിരിച്ചുവരുന്നതിനിടെ ലോറി ഡ്രൈവർമാരു ക്ളീനർമാരും ഉൾപ്പെടെ മുപ്പതോളം പേർ മൂന്നുദിവസമായി കുടിവെള്ളം പോലുമില്ലാതെ മുംബയിൽ കുടുങ്ങി. ഇവർ എറണാകുളം ജില്ലാ പൊലീസിന്റെ സഹായം തേടി.
മുംബയിൽ ബീവണ്ടിയെന്ന സ്ഥലത്തെ ഒരു ക്വാറിയുടെ പാർക്കിംഗ് ഏരിയയിലാണ് ലോറികൾ പാർക്ക് ചെയ്തിരിക്കുന്നത്. മാനുഷിക പരിഗണനപോലും ഇല്ലാതെ വാഹനങ്ങളുടെ ചില്ലുകൾപോലും ചില പൊലീസുകാർ തല്ലിയുടക്കുകയാണെന്നും ഡ്രൈവർമാർ പറയുന്നു. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് വാഹനങ്ങൾ പൊലീസ് തടയുന്നതാണ് പ്രശ്നമായത്. ഒരാഴ്ച മുമ്പ് ചരക്കുകളുമായി പോയ വാഹനങ്ങൾ ട്രാൻസ്പോർട്ട് ഏജൻസി ഓഫീസുകകൾ മുഖേന തിരിച്ച് ചരക്കുകളുമായിട്ടാണ് വരാറുള്ളത്. പ്രത്യേക സാഹചര്യത്തിൽ തിരിച്ച് ചരക്കിന് കാത്തുനിൽക്കാതെ നഷ്ടം സഹിച്ച് കാലിയായി നാട്ടിലേക്ക് പോരുന്നതിനിടെയാണ് മുംബയിൽ പ്രശ്നമായത്.
അഹമ്മദാബാദ്, രാജസ്ഥാൻ,ഡൽഹി തുടങ്ങിയ സ്ഥലങ്ങളിലേക്ക് പൈനാപ്പിൾ, ഇഞ്ചി തുടങ്ങിയ സാധനങ്ങളുമായി പോയ 11 നാഷണൽ പെർമിറ്റ് ലോറികളിലെ തൊഴിലാളികളാണ് തിരിച്ചുപോരാനാകാതെ കുടുങ്ങിയത്. കൊറോണ വ്യാപിച്ച ഗ്രാമത്തിന് സമീപമാണ് ഇവർ കുടുങ്ങിയതെന്നതും കൂടുതൽ ആശങ്കയായി. വന്ന സ്ഥലത്തേക്ക് തിരിച്ചുപോകാൻ പറഞ്ഞ് പൊലീസ് ഭീഷണിപ്പെടുത്തുകയാണെന്നും ചില പൊലീസുകാർ കൈക്കൂലി ആവശ്യപ്പെടുകയാണെന്നും ഇവർ പറയുന്നു.
കുടുങ്ങിയവരിൽ വിവിധ രോഗങ്ങൾക്ക് മരുന്ന് കഴിക്കുന്ന പ്രായമായവരുമുണ്ട്. ഇവരെല്ലാം ഭക്ഷണവും ശുദ്ധജലവും കിട്ടാതെ വിഷമിക്കുകയാണെന്നും ഡ്രൈവർമാർ പറയുന്നു.
എറണാകുളം റൂറൽ ജില്ലാ പൊലീസുമായി ബന്ധപ്പെട്ട് ലോറികൾ കടത്തിവിടുന്നതിന് ഡ്രൈവർമാർ ബന്ധപ്പെട്ടെങ്കിലും നടപടികളൊന്നും ഉണ്ടായിട്ടില്ല. എറണാകുളത്തിന് പുറമെ, ഇടുക്കി, വയനാട്, പാലക്കാട്, കോട്ടയം ജില്ലകളിൽപ്പെട്ടവരാണ് ലോറി ജീവനക്കാർ.