കൊച്ചി: കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്കിടെ ഇടപ്പള്ളി - മൂത്തകുന്നം ദേശീയപാതയ്ക്കു വേണ്ടിയുള്ള സ്ഥലമേറ്റെടുക്കൽ പ്രവർത്തനങ്ങളുടെ പേരിൽ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതിൽ ദേശീയപാത സംരക്ഷണസമിതി പ്രതിഷേധിച്ചു. വൈറസ് വ്യാപനം തടുക്കുന്നതിനായി ജനങ്ങൾ വീട്ടിൽ ഇരിക്കണമെന്ന് നിർദേശം നൽകിയ സർക്കാർതന്നെ അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ സ്ഥലം വിട്ടുകൊടുക്കുന്നതിൽ ഭൂഉടമകൾക്കുള്ള എതിർപ്പിന്റെ കാരണം അറിയിക്കണമെന്ന് ഉത്തരവിറക്കിയത് വിരോധാഭാസമാണ്. മൂവായിരത്തോളം കുടുംബങ്ങളെയാണ് ഇത് ബാധിക്കുന്നത്. ഇരകളിൽ ബഹുഭൂരിപക്ഷവും 60 വയസിനു മുകളിൽ പ്രായമുള്ളവരായതിനാൽ രോഗബാധയേൽക്കാനുള്ള സാഹചര്യം കൂടുതലാണെന്നത് ആശങ്കയിരട്ടിപ്പിക്കുന്നു. സർവേ നടപടികൾ തുടങ്ങിയാൽ ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്നും ഗുരുതരമായ ആരോഗ്യപ്രതിസന്ധിക്ക് വഴിവയ്ക്കുമെന്നും സമിതി ചെയർമാൻ സി.ആർ. നീലകണ്‌ഠൻ പറഞ്ഞു.