കൊച്ചി :ലോക്ക്ഡൗൺ ആദ്യം കയ്‌ക്കുമെങ്കിലും പിന്നെ മധുരിക്കുമെന്ന് ഉറപ്പ്. കൊറോണ വൈറസ് പകരാതിരിക്കാനുള്ള ഏറ്റവും ശാസ്‌ത്രീയമായ മാർഗമാണ് സോഷ്യൽ ഡിസ്റ്റൻസിംഗ് ... മനുഷ്യർ അടുത്ത് ഇടപഴകുന്നത് ഒഴിവാക്കി അകന്നു കഴിയുക. അതിനാണ് ലോക്ക് ഡൗൺ.
സോഷ്യൽ ഡിസ്റ്റൻസിംഗ് പാലിക്കാൻ സർക്കാർ ബോധവത്കരണം നടത്തിയെങ്കിലും അത് പാലിച്ചവർ വിരളമായിരുന്നു. തുടർന്നാണ് നിയമം മൂലം ലോക്ക്ഡൗൺ നടപ്പാക്കിയത്. സ്വന്തം സുരക്ഷയ്‌ക്കായി സ്വയം പാലിച്ചില്ലെങ്കിൽ സമൂഹത്തിന്റെ വിശാല താൽപര്യത്തിനായി അത് അടിച്ചേൽപ്പിക്കേണ്ടിവരും.
ഇന്ത്യയിലെയും വിദേശത്തെയും സോഷ്യൽ സ്പേസ് വ്യത്യസ്തമാണ്. ഇവിടെ ആളുകൾ ഒട്ടിനിൽക്കും. പരസ്പരം അകലം പാലിക്കുന്നവരാണ് വിദേശികൾ.
ജനസംഖ്യ കൂടുതലുള്ള ഇന്ത്യയിൽ ലോക്ക്ഡൗണിന് വളരെ പ്രാധാന്യമുണ്ട്. ഇവിടത്തെ പൊതുസ്ഥലങ്ങളിലെല്ലാം മുഖത്തേക്ക് ശ്വാസം വിടും വിധമാണ് ജനക്കൂട്ടം തിക്കിത്തിരക്കുന്നത്. അന്യസംസ്ഥാന തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന ഇടങ്ങൾ, ചേരികൾ, പൊതുഗതാഗതം തുടങ്ങിയവ വേറെയും.
രാജ്യം മുഴുവൻ ഒരേസമയം
ലോക്ക്ഡൗൺ എത്രയും നേരത്തെ നടപ്പാക്കിയാൽ മരണം അത്രയും കുറയും. അത് രോഗം പരക്കുന്നതിന് മുമ്പ് വേണം. രാജ്യം മുഴുവൻ വ്യാപിച്ച ശേഷം ലോക്ക് ഡൗൺ ചെയ്‌തിട്ട് കാര്യമില്ല. അത് ദോഷവുമുണ്ടാക്കും. രോഗികളെയും കൊണ്ടുള്ള യാത്രയും മറ്റും പ്രയാസമാകും. അതിനാൽ രാജ്യത്താകെ ലോക്ക് ഡൗൺ എത്രയും പെട്ടെന്ന് ചെയ്ത ശേഷം വൈറസ് സമൂഹത്തിൽ എത്രത്തോളം ബാധിച്ചെന്ന് നിരീക്ഷിക്കണം.
ലോക്ക് ഡൗണിന് ശേഷം
എവിടെയെല്ലാം വൈറസ് ബാധിച്ചെന്ന് കണ്ടെത്തണം. രോഗബാധിത മേഖലകളിൽ കർശന നിയന്ത്രണം തുടരണം. രോഗം ഇല്ലാത്തിടത്ത് സാമൂഹ്യഅകലം പാലിച്ചുകൊണ്ട് കർശനനിയന്ത്രണങ്ങൾ ഒഴിവാക്കാം. കൂടിച്ചേരലുകൾ ഒഴിവാക്കാനാണ് ഏറ്റവും ബുദ്ധിമുട്ട്.
വൈറസിന് എന്ത് സംഭവിക്കും
വൈറസ് വിവിധ പ്രതലങ്ങളിൽ എത്രസമയം ജീവിക്കുമെന്ന് വ്യക്തമായിട്ടുണ്ട്. പേപ്പർ, കാർഡ് ബോർഡുകളിൽ 24 മണിക്കൂറും സ്റ്റീൽ പോലുള്ളവയിൽ 2-3 ദിവസങ്ങളും ഇരിക്കും. ഈ കാലയളവ് കഴിഞ്ഞാൽ വൈറസ് നശിക്കും. ലോക്ക്ഡൗണിൽ ആളുകൾ വീട്ടിലിരിക്കുന്നതിനാൽ രോഗബാധിതരുമായി മാത്രമല്ല ഈ പ്രതലങ്ങളുമായും സമ്പർക്കം പുലർത്തുന്നില്ല. പരിസരം എപ്പോഴും വൃത്തിയായിരിക്കണം. സദാ കൈ തൊടുന്ന മൊബൈൽ ഫോണും വൈറസിന് ജീവിക്കാവുന്ന പ്രതലമാണ്. സോപ്പ്‌വെള്ളത്തിൽ തുണിമുക്കി നന്നായി പിഴിഞ്ഞ് തുടച്ചോ മറ്റു മാർഗത്തിലോ ഫോണും വൃത്തിയാക്കണം.
പാലിലെ വിഷത്തുള്ളി
സാങ്കേതിക വിദ്യ വികസിക്കും മുൻപ് ശത്രുവിമാനങ്ങളെ കബളിപ്പിക്കാൻ നഗരങ്ങളിൽ ലൈറ്റുകൾ അണച്ച് ബ്ലാക്ക് ഔട്ട് ചെയ്യുമായിരുന്നു. അപ്പോൾ ഒരാൾ ലൈറ്റ് ഇട്ടാലോ? കൊറോണയ്‌ക്കും ഇത് ബാധകമാണ്. എല്ലാവരും സാമൂഹിക അകലം പാലിക്കുമ്പോൾ ചിലർ തോന്നിയത് പോലെ ചെയ്യുമെന്ന് പറഞ്ഞാൽ വൈറസ് സർവനാശം വിതയ്‌ക്കും.
എത്രദിവസം ലോക്ക്ഡൗൺ
ഇത് പുതിയ വൈറസാണ്. മൂന്നോ നാലോ മാസം പ്രായമുള്ള നവജാത ശിശുവെന്ന് വിശേഷിപ്പിക്കാം. വളർന്ന് ആരാകുമെന്ന് പ്രവചിക്കാനാവില്ല. ശാസ്ത്രജ്ഞർ പഠിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിടും. അതുവരെ നമുക്ക് ലോക്ക്ഡൗണുമായി സഹകരിക്കാം.
-ഡോ. രാജീവ് ജയദേവൻ
പ്രസിഡന്റ്
ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ, കൊച്ചി