കൊച്ചി: എറണാകുളം മെഡിക്കൽ കോളേജിലും ജില്ലയിലും കൊറോണ ചികിത്സയിലും നിരീക്ഷണത്തിലും കഴിയുന്ന മുഴുവൻ പേരുടെയും സമഗ്ര വിവരങ്ങൾ ഉൾപ്പെടുന്ന 'റിയൽ ടൈം ട്രാക്കിംഗ് സംവിധാനം' ആരോഗ്യ വകുപ്പ് തയ്യാറാക്കി. രോഗം ബാധിച്ച് 16 പേരും നിരീക്ഷണത്തിൽ 4201 പേരുമാണുള്ളത്.

മുഴുവൻ പേരുടെയും വ്യക്തിവിവരങ്ങൾ, ഏതൊക്കെ രോഗങ്ങളുണ്ട്, പ്രമേഹമുണ്ടോ, കാൻസർ പോലെ ഗുരുതരമായ രോഗങ്ങളുണ്ടോ, ഗർഭിണികളാണോ, മുലയൂട്ടുന്ന അമ്മമാരുണ്ടോ തുടങ്ങിയ മുഴുവൻ വിവരങ്ങളും ശേഖരിച്ചിട്ടുണ്ട്. അവർക്ക് ഏതുവിധത്തിലുള്ള സഹായവും നൽകാനുള്ള നടപടികൾ ട്രാക്കിംഗ് സംവിധാനം വഴി സ്വീകരിക്കാൻ കഴിയുമെന്ന് ജില്ലയുടെ ചുമതല വഹിക്കുന്ന കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ പറഞ്ഞു.

മദ്യം ഉപയോഗിക്കാൻ കഴിയാത്തതുമൂലം പ്രശ്നങ്ങൾ നേരിട്ടവർ വരെയുണ്ട്. അത്തരത്തിൽ മാനസികപ്രശ്നങ്ങൾ നേരിടുന്നവർക്ക് ആവശ്യമായ പരിചരണം നൽകാൻ മെഡിക്കൽ കോളേജിൽ ഡോക്ടർമാരെ ഉൾപ്പെടെ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. മറ്റ് ആശുപത്രികളിലും ഇത്തരം സൗകര്യങ്ങൾ ഒരുക്കുമെന്ന് മന്ത്രി പറഞ്ഞു.

# അവശ്യവസ്തുക്കൾക്ക് ക്ഷാമം ഉണ്ടാകില്ല
അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പാക്കുന്ന നടപടികൾ കേന്ദ്ര സംസ്ഥാന സർക്കാരുകൾ സ്വീകരിക്കുന്നുണ്ട്. ലഭ്യതയിൽ ഒരുതരത്തിലും കുറവ് സംഭവിക്കില്ല. ആവശ്യത്തിലധികം സാധനങ്ങൾ വാങ്ങികൂട്ടുന്നത് ജനങ്ങൾ ഒഴിവാക്കണമെന്ന് മന്ത്രി വി.എസ്. സുനിൽകുമാർ പറഞ്ഞു. രാവിലെ ഏഴ് മുതൽ വൈകിട്ട് അഞ്ച് വരെ അവശ്യവസ്തുക്കളുടെ വിതരണം അനുവദിക്കും. പൊതുവിപണിയിൽ അവശ്യസാധനങ്ങൾക്ക് കൂടുതൽ വില ഈടാക്കുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കും.

ഹോർട്ടികോർപ്പിന്റെയും കൃഷി വകുപ്പിന്റെയും സഹകരണത്തോടെ പഴങ്ങളും പച്ചക്കറികളും ഓൺലൈൻ സംവിധാനത്തിലൂടെ ലഭ്യമാക്കും. ഓൺലൈൻ വിതരണ കമ്പനികളുമായി ചർച്ചകൾ ആരംഭിച്ചു.

# ഫേസ്ബുക്കിൽ ലൈവ്

ദിവസവും വൈകിട്ട് ജില്ലാ കളക്ടറുടെ ഫെയ്‌സ്ബുക്ക് പേജിൽ കൊറോണ സംബന്ധിച്ച ജനങ്ങളുടെ സംശയങ്ങൾക്ക് ഡോക്ടർമാർ മറുപടി നൽകുന്ന സംവിധാനം ആരംഭിച്ചു. ഇന്നലെ വൈകിട്ട് 4.30ന് ഡോക്ടർമാർ വിവിധ സംശയങ്ങൾക്ക് മറുപടി നൽകി. ഓരോ ദിവസത്തെയും സമയം മുൻകൂട്ടി അറിയിക്കും.

# പൂട്ടിയ ആശുപത്രി ഏറ്റെടുക്കും

ജില്ലയിൽ പൂർണമായും ഭാഗികമായും പ്രവർത്തനം അവസാനിപ്പിച്ച ആശുപത്രികളിലെ സംവിധാനങ്ങൾ രോഗപ്രതിരോധ പ്രവർത്തനങ്ങൾക്ക് ഉപയോഗപ്പെടുത്തും. കലൂരിലെ അടച്ച പി.വി.എസ്. ആശുപത്രി ആവശ്യമെങ്കിൽ ഏറ്റെടുക്കും.

# അടിയന്തര മുൻകരുതൽ

ആശുപത്രി മുറികൾ : 4482

വാർഡുകൾ : 270

കിടക്കകൾ : 8734

ഐ.സി.യു കിടക്കകൾ :1337

വെന്റിലേറ്ററുകൾ : 390

ആബുലൻസുകൾ : 400

# പരിശോധനാ വിവരങ്ങൾ
പരിശോധനയ്ക്ക് വിധേയരായവർ : 76,650

സാമ്പിളുകൾ അയച്ചത് : 638

ഫലം ലഭിച്ചത് : 614

രോഗ ബാധിതർ : 16

ഫലം കിട്ടാനുള്ളത് : 24

# ലംഘിച്ചാൽ കർശന നടപടി

സർക്കാർ ഏർപ്പെടുത്തിയ കർശന നിയന്ത്രണങ്ങൾ പാലിക്കാൻ ജനങ്ങൾ സ്വയം സന്നദ്ധരാകണം. രോഗത്തിന്റെ സമൂഹവ്യാപനം ഉണ്ടായാൽ വൻ ഭവിഷ്യത്ത് സംഭവിക്കും. ഇത് തടയാൻ വീട്ടിനകത്തും പുറത്തും ജനങ്ങൾ ഒരുപോലെ ജാഗ്രത പുലർത്തണം. ഗ്രാമങ്ങളിൽ ജനങ്ങൾ കൂട്ടംകൂടുന്നത് ശ്രദ്ധയിൽപ്പെട്ടു. നിരോധനാജ്ഞ ലംഘിക്കുന്നവർക്കെതിരെ കർശനനടപടി സ്വീകരിക്കും. പൊലീസിന്റെയും ആരോഗ്യപ്രവർത്തകരുടെയും നിർദ്ദേശങ്ങൾ പൂർണമായും അനുസരിക്കണം.

വി.എസ്. സുനിൽകുമാർ

കൃഷിമന്ത്രി