31ന് രാത്രി 12 മണി വരെ
കൊച്ചി: സർക്കാർ സംസ്ഥാനം അടച്ചിടാൻ തീരുമാനിച്ചതോടെ ഏർപ്പെടുത്തിയ കർശന നിയന്ത്രണങ്ങൾ നടപ്പായി. ജില്ലയിൽ കളക്‌ടർ എസ്. സുഹാസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ പൊലീസും രംത്തിറങ്ങി.
പാലിക്കേണ്ട നിർദ്ദേശങ്ങൾ
പലചരക്ക് അടക്കമുള്ള അവശ്യ സാധനങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾ രാവിലെ ഏഴുമുതൽ വൈകിട്ട് അഞ്ചുവരെ തുറക്കും. ബാക്കിയുള്ള മുഴുവൻ സ്ഥാപനങ്ങളും അടച്ചിടും. മാളുകളിൽ അവശ്യസാധനങ്ങളുടെ വിതരണമൊഴികെ മറ്റു കടകൾ അടച്ചിടണം. സെൻട്രലൈസ്ഡ് എയർ കണ്ടീഷനിംഗ് പ്രവർത്തിപ്പിക്കരുത്.
കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസ് അടക്കമുള്ള പൊതുഗതാഗത സൗകര്യം നിറുത്തിവയ്‌ക്കും. പെട്രോൾ പമ്പ്, എൽ.പി.ജി എന്നിവയുടെ വിതരണത്തിന് തടസമുണ്ടാകില്ല.
സർക്കാർ ഒാഫീസുകളുടെ പ്രവർത്തനത്തിന് ഭംഗംവരാത്ത രീതിയിൽ നിയന്ത്രിതമായ ജീവനക്കാരെ നിലനിറുത്തി പ്രവർത്തിപ്പിക്കും
ആരാധനാലയങ്ങളിൽ ഒഴിച്ചുകൂടാനാവാത്ത ചടങ്ങ് മാത്രം നടത്താം. ആളുകൾ കൂടുന്ന ചടങ്ങുകൾ നടത്തരുത്
ഹോട്ടലുകളിൽ നിന്ന് ഹോം ഡെലിവറിയായി മാത്രം ഭക്ഷണം. ഹോട്ടലിനകത്തിരുന്ന് ഭക്ഷണം കഴിക്കാൻ അവനുവദിക്കില്ല
അനാവശ്യമായി വീടുകൾക്ക് പുറത്തിറങ്ങാൻ പാടില്ല. അത്യാവശ്യത്തിന് ഇറങ്ങേണ്ട ഘട്ടം വന്നാൽ ശാരീരികഅകലം പാലിക്കണം. പൊതുചടങ്ങുകൾ അനുവദിക്കില്ല. ഒരു സ്ഥലത്ത് അഞ്ചുപേരിൽ കൂടുന്നത് ശിക്ഷാർഹമാണ്.
ഇതര സംസ്ഥാനത്തു നിന്നുള്ളവർ 14 ദിവസം നിരീക്ഷണത്തിൽ കഴിയണം.
വിദേശികളോ വിദേശത്തുനിന്ന് ഈ മാസം 10ന് ശേഷമോ മടങ്ങിവന്നവർ പൊലീസിനെ വിവരം അറിയിക്കണം. 14 ദിവസത്തെ സ്വയം നിരീക്ഷണത്തിൽ ആകാതിരിക്കുകയോ ആരോഗ്യപ്രവർത്തകർക്ക് റിപ്പോർട്ട് ചെയ്യാതിരിക്കുകയോ ചെയ്‌താൽ അസ്‌റ്റടക്കമുള്ള നടപടികൾ സ്വീകരിക്കും.
ബാങ്ക് അടക്കമുള്ള ധനകാര്യസ്ഥാപനങ്ങൾ ഉച്ചയ്‌ക്ക് രണ്ടുമണി വരെ മാത്രമേ പ്രവർത്തിക്കൂ
ചികിത്സാ സംബന്ധമായതും മെഡിക്കൽ സാമഗ്രികളും അവശ്യ വസ്‌തുക്കൾ വാങ്ങാനുമായേ ഓട്ടോ, ടാക്‌സി, ഓൺലൈൻ ടാക്‌സികൾ ഉപയോഗിക്കാവൂ
വാണിജ്യ സ്ഥാപനങ്ങൾ, വർക്ക്ഷോപ്പുകൾ, ഓഫീസുകൾ, ഗോഡൗണുകൾ എന്നിവയുടെ പ്രവർത്തനം നിറുത്തിവയ്‌ക്കണം
നിയന്ത്രണങ്ങൾ 31ന് രാത്രി 12 മണി വരെ. ലംഘിക്കുന്നവർക്കെതിരെ കർശന നടപടി.
,