കൊച്ചി: കഴിഞ്ഞ ദിവസം ഡെപ്യൂട്ടി മേയർ കെ.ആർ.പ്രേമകുമാർ അവതരിപ്പിച്ച 2020-21 ലേക്കുള്ള കൊച്ചി കോർപ്പറേഷൻ ബഡ്ജറ്റ് ഇന്ന് കൗൺസിൽ പാസാക്കും. ബഡ്ജറ്റ് അവതരണത്തിലെന്ന പോലെ ഇന്ന് രാവിലെ 10.30 ന് കൗൺസിലിൽ നടക്കുന്ന യോഗവും അര മണിക്കൂറിനുള്ളിൽ അവസാനിക്കും. സാധാരണ ഗതിയിൽ അവതരണത്തിന് ശേഷം തുടർന്നുള്ള രണ്ടു ദിവസങ്ങളിൽ ബഡ്ജറ്റിൻ മേലുള്ള ചർച്ച നടക്കുന്നതാണ്. എന്നാൽ കൊറോണ കാലത്തെ അടിയന്തര സാഹചര്യം കണക്കിലെടുത്ത് ഇത്തവണ കീഴ്വഴക്കത്തിൽ മാറ്റം വരുത്തി. ബഡ്ജറ്റ് ചർച്ച അര മണിക്കൂറായി വെട്ടിക്കുറയ്ക്കും.

മന്ത്രി എ.സി.മൊയ്തീൻ്റെ പ്രത്യേക അനുമതി വാങ്ങിയാണ് കഴിഞ്ഞ ദിവസം ബഡ്ജറ്റ് അവതരിപ്പിച്ചത്. 31 നുള്ളിൽ ബഡ്ജറ്റ് അവതരിപ്പിച്ചില്ലെങ്കിൽ നഗരസഭ ഫണ്ടിൽ നിന്ന് ഒരു രൂപ പോലും ചെലവഴിക്കാൻ സാധിക്കാതെ വരും.ധനവിനിയോഗം നടക്കില്ല. മുനിസിപ്പൽ നിയമപ്രകാരം വരവ് ചെലവ് കണക്കുകൾ അവതരിപ്പിക്കാത്ത തദ്ദേശ സ്ഥാപനത്തെ പിരിച്ചുവിടുന്നതിന് സർക്കാരിന് അധികാരമുണ്ട്. ഈ വസ്തുതകൾ കണക്കിലെടുത്താണ് മന്ത്രി എ.സി.മൊയ്തീൻ്റെ പ്രത്യേക അനുമതി വാങ്ങി കഴിഞ്ഞ ദിവസം നഗരസഭ ബഡ്ജറ്റ് അവതരിപ്പിച്ചതെന്ന് ഡെപ്യൂട്ടി മേയർ കെ.ആർ. പ്രേമകുമാർ പറഞ്ഞു.

രോഗപ്രതിരോധനത്തിനാവശ്യമായ മുൻകരുതലുകൾ സ്വീകരിച്ച് ബഡ്ജറ്റ് സമ്മേളനം നടത്തണമെന്ന മന്ത്രിയുടെയും കളക്‌ടറുടെയും നിർദ്ദേശവും അധികൃതർ പാലിച്ചു. കോർപ്പറേഷൻ ഓഫീസിലേക്ക് എത്തിയ ഓരോ സന്ദർശകൻ്റെയും ശരീരോഷ്മാവ് ആരോഗ്യപ്രവർത്തകർ പരിശോധിച്ചു. ‌‌സാനിറ്റൈസർ കൊണ്ട് കൈ വൃത്തിയാക്കിയെന്ന് ഉറപ്പു വരുത്തിയശേഷമാണ് ആളുകൾക്ക് പ്രവേശനം നൽകിയത്.