കൊച്ചി : ബിവറേജസ് കോർപ്പറേഷന്റെ വിദേശമദ്യ വില്പനശാലകളിലെ തിരക്കും നീണ്ട ക്യൂവും ഒഴിവാക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചിട്ടു മൂന്നു വർഷമാകുന്നു. നാടെങ്ങും കൊറോണ ഭീതിയിൽ നിയന്ത്രണങ്ങൾ സ്വീകരിക്കുമ്പോൾ മദ്യവില്പന ശാലകളിലെ തിരക്കിന്റെ പേരിൽ ബിവറേജസ് കോർപ്പറേഷൻ പഴി കേൾക്കുന്നത് അന്നത്തെ വിധി നടപ്പാക്കാത്തിനാലാണ്.
തൃശൂർ കുറുപ്പംറോഡിലെ മദ്യവില്പനശാല സമീപത്തെ കച്ചവടക്കാർക്ക് ശല്യമാണെന്ന ഹർജിയിൽ 2017 ജൂലായ് അഞ്ചിനാണ് ഹൈക്കോടതി വിധി പറഞ്ഞത്. മദ്യം വാങ്ങാനെത്തുന്നവർക്കു ബിവറേജസ് ഒൗട്ട്ലെറ്റുകളിൽ തിരക്കുണ്ടെങ്കിൽ കാത്തിരിക്കാൻ വെയിറ്റിംഗ് ഏരിയയും അടിസ്ഥാന സൗകര്യവും ഒരുക്കണമെന്നായിരുന്നു സിംഗിൾബെഞ്ചിന്റെ നിർദ്ദേശം. എന്നാൽ തിരക്ക് ഒഴിവാക്കാൻ പ്രീമിയം കൗണ്ടറുകൾ സ്ഥാപിച്ചിട്ടുണ്ടെന്ന തൊടുന്യായം പറഞ്ഞാണ് ബിവറേജസ് കോർപ്പറേഷൻ ഇൗ വിധി നടപ്പാക്കുന്നതിൽ നിന്ന് ഒഴിഞ്ഞുനിന്നത്.
ഹൈക്കോടതി അന്നു പറഞ്ഞത്
മദ്യം വാങ്ങാനെത്തുന്നവരുടെ ക്യൂ നിരത്തിലേക്കും റോഡിലേക്കും നീളുന്നത് സമൂഹത്തിന് അപമാനകരമാണ്. ഇവരെ വെയിലത്തും മഴയത്തും ക്യൂ നിറുത്തുന്നത് പൗരന്റെ അന്തസിനെ ഇല്ലാതാക്കും. ഇത്തരം നടപടികൾ ഒഴിവാക്കണം. ഒാരോ ഒൗട്ട്ലെറ്റിലും എത്തുന്നവരുടെ കണക്ക് ബിവറേജസ് കോർപ്പറേഷന് അറിയാം. അതിനനുസരിച്ച് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണം. ഇവരുടെ ക്യൂ റോഡുകളിലേക്ക് നീളുന്നില്ലെന്ന് ഉറപ്പാക്കണം.
കോർപ്പറേഷൻ ഒന്നും ചെയ്‌തില്ല
മിക്ക ഒൗട്ട്ലെറ്റുകളും അസൗകര്യങ്ങൾക്കു നടുവിലാണ്. തിരക്ക് നിയന്ത്രിക്കാൻ ഒരാൾക്കുമാത്രം കയറാവുന്ന കമ്പിവേലികളാണ് നിലവിലുള്ളത്. മദ്യം വാങ്ങാനെത്തുന്നവരുടെ ക്യൂ റോഡിലേക്കും നിരത്തിലേക്കും നീളും. കൊറോണ ഭീഷണിയെത്തുടർന്ന് സാമൂഹ്യഅകലം പാലിക്കണമെന്ന് സർക്കാർ നിർദ്ദേശിക്കുമ്പോഴും ബിവറേജറസിലെ തിരക്കും ക്യൂവും ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുമെന്ന ആരോപണം ശക്തമാണ്.