കൊച്ചി: കൊറോണ പടർന്നു പിടിച്ചാൽ ഒരാഴ്ചക്കകം ഒരു കോടിയിലേറെ ഐസൊലേഷൻ കിടക്കകൾ തയ്യാറാക്കാനുള്ള ആശയവുമായി കൊച്ചിയിലെ അസറ്റ് ഹോംസ്. റെയിൽവേ കോച്ചുകൾ ഉപയോഗിച്ച് സഞ്ചരിക്കുന്ന ചികിത്സാകേന്ദ്രങ്ങൾ സജ്ജമാക്കാമെന്ന ആശയം പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ഡിസാസ്റ്റർ മാനേജ്‌മെന്റ് അധികൃതർക്കും സമർപ്പിച്ചതായി അസറ്റ് ഹോംസ് മാനേജിംഗ് ഡയറക്ടർ സുനിൽകുമാർ വി പറഞ്ഞു.
12,617 ട്രെയിനുകൾ ഇന്ത്യയിലുണ്ട്. ചെറിയ മാറ്റങ്ങൾ വരുത്തിയാൽ ഇവ ആശുപത്രികളാക്കാം. ഓരോ ട്രെയിനിലും ഒരു കൺസൾട്ടേഷൻ മുറി, മെഡിക്കൽ സ്‌റ്റോർ, ആയിരം കിടക്ക, ഒരു ഐ.സി.യു, പാൻട്രി എന്നിവ ഒരുക്കാം. 7,500 ലേറെ റെയിൽവേ സ്റ്റേഷനുകൾ വഴി പ്രവേശനം നൽകാം.
ഓരോ സ്‌റ്റേഷനിലും ആയിരം കിടക്കയുള്ള രണ്ട് ട്രെയിനുകൾ വിന്യസിച്ച് ദിവസം രണ്ടായിരം പേർക്ക് സേവനമെത്തിക്കാം.
പദ്ധതിയുമായി സഹകരിക്കാൻ സന്നദ്ധതയും അസറ്റ് ഹോംസ് അധികൃതർ പ്രധാനമന്ത്രിയെ അറിയിച്ചിട്ടുണ്ട്.