നെടുമ്പാശേരി: കൊച്ചി വിമാനത്താവളത്തിൽ മെഡിക്കൽ സംഘത്തോട് മോശമായി പെരുമാറിയയാളെ നെടുമ്പാശേരി പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം മാർക്കറ്റ് റോഡിൽ താമസിക്കുന്ന ലമീ അറയ്ക്കൽ (54) ആണ് പിടിയിലായത്.

രണ്ട് ദിവസം മുമ്പ് ചെന്നെയിൽ നിന്നെത്തിയ പ്രതി വിമാനത്താവളത്തിലെ കൊറോണ പരിശോധന സംഘത്തോടാണ് അപമര്യാദയായി പെരുമാറിയത്. ഡോക്ടർ ഇയാളോട് മാസ്‌ക് ധരിക്കാനും സർട്ടിഫിക്കറ്റുകൾ പൂരിപ്പിക്കാനും നിർദേശിച്ചപ്പോഴാണ് ഇയാൾ പ്രകോപിതനായത്. ഡോക്ടറെ അസഭ്യം പറഞ്ഞ് പുറത്തേക്ക് പോകാൻ ശ്രമിച്ചു.
റൂറൽ ജില്ലാ പൊലീസ് മേധാവി കെ. കാർത്തികിന്റെ നിർദ്ദേശത്തെ തുടർന്നാണ് നെടുമ്പാശേരി പൊലീസ് കേസെടുത്തത്. ഇത്തരക്കാർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.