പറവൂർ: വിദേശത്തു നിന്നുവന്ന് നിരീക്ഷണത്തിൽ കഴിയവെ രഹസ്യമായി വിദേശത്തേക്ക് കടന്ന സഹോദരങ്ങളുടെ പേരിൽ പറവൂർ പൊലീസ് കേസെടുത്തു. ബ്രിട്ടനിൽ താമസിക്കുന്ന നോർത്ത് പറവൂർ സ്വദേശികളായ അഭിജിത്ത് (26), ഐശ്വര്യ (21) എന്നിവർക്കെതിരെയാണ് കേസ്.

രണ്ട് മാസം മുമ്പ് അമ്മൂമ്മ മരിച്ചപ്പോൾ അച്ഛനും അമ്മയും നാട്ടിലെത്തിയെങ്കിലും ഇവർക്ക് വരാൻ സാധിച്ചില്ല. കഴിഞ്ഞ 13നാണ് ഇവർ നാട്ടിലെത്തിയത്. നിയന്ത്രണങ്ങൾ ലംഘിച്ച് പുറത്തിറങ്ങി നടന്നതിനെ തുടർന്ന് ആരോഗ്യ വകുപ്പ്, പൊലീസ് അധികൃതർ ഇവരുടെ വീട്ടിലെത്തി പുറത്തിറങ്ങരുതെന്ന് കർശന നിർദ്ദേശം നൽകിയിരുന്നു.

21 ന് പുലർച്ചെ നെടുമ്പാശേരിയിൽ എത്തി രാവിലെ ഒമ്പതരയുടെ ഫ്ളൈറ്റിൽ ദുബായിലേക്കും അവിടെ നിന്ന് ബ്രിട്ടനിലേയ്ക്കും പോയി. 22ന് എത്തി. 23ന് ഫാർമസിസ്റ്റായ അഭിജിത്ത് ജോലിയിലും പ്രവേശിച്ചു. ഐശ്വര്യ അവിടെ സി.സി.എ വിദ്യാർത്ഥിയാണ്. വർഷങ്ങളായി ഇവരുടെ കുടുംബ ബ്രിട്ടനിലാണ് താമസം. ഇരുവർക്കും രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല.