പറവൂർ : ചെട്ടിക്കാട് – കുഞ്ഞിത്തൈ, കൊട്ടുവള്ളിക്കാട് – വാവക്കാട് പാലങ്ങളുടെ നിർമാണത്തിന്റെ ഭാഗമായ അപ്രോച്ച് റോഡിനു സ്ഥലം ഏറ്റെടുക്കാൻ 60 ലക്ഷം രൂപ വടക്കേക്കര ഗ്രാമപഞ്ചായത്ത് ബഡ്ജറ്റിൽ നീക്കിവച്ചു. പഞ്ചായത്തിനെ സമ്പൂർണ ശുചിത്വ പദ്ധതിയിലേക്ക് ഉയർത്തുന്നതിനും തരിശുരഹിതമാക്കുന്നതിനും വയോജന സൗഹൃദമാക്കുന്നതിനും പ്രാധാന്യം നൽകിയാണ് 2020 – 2021 സാമ്പത്തിക വർഷത്തെ ബഡ്ജറ്റ് വൈസ് പ്രസിഡന്റ് കെ.യു. ജിഷ അവതരിപ്പിച്ചത്.

23,79,05,280 രൂപ വരവും 23,59,71,500 രൂപ ചെലവും പ്രതീക്ഷിക്കുന്നു. പാർപ്പിട പ്രശ്നപരിഹാരത്തിനായി 1,25,00,000 രൂപ വകയിരുത്തി. തോടുകൾ ശുചീകരിക്കൽ, പ്ലാസ്റ്റിക് ഉപയോഗം ഒഴിവാക്കൽ, അജൈവ മാലിന്യശേഖരണം എന്നിവയ്ക്കു പ്രാധാന്യം നൽകിയിട്ടുണ്ട്. വയോജനക്ഷേമത്തിന് 5,75,000 രൂപയും ശാരീരിക വെല്ലുവിളികൾ നേരിടുന്നവർക്കായി 17,50,000 രൂപയും സേവന മേഖലയിൽ 6,11,26,000 രൂപയും വകയിരുത്തി. പ്രസിഡന്റ് കെ.എം. അംബ്രോസ് അദ്ധ്യക്ഷത വഹിച്ചു.