paravur-market
പറവൂർ മാർക്കറ്റിൽ സാധനങ്ങൾ വാങ്ങാൻ എത്തിയ ജനക്കൂട്ടം.

പറവൂർ: ലോക്ക് ഡൗൺ പ്രഖ്യാപിച്ചെങ്കിലും പറവൂരിൽ ജനങ്ങൾ അത്രയ്ക്ക് കാര്യമായെടുക്കുന്നില്ലെന്ന് ആക്ഷേപം. ഇന്നലെ രാവിലെ പറവൂർ മാർക്കറ്റിൽ പതിവിലും ഇരട്ടിയിലധികമായിരുന്നു തിരക്ക്. പൊലീസെത്തി നിയന്ത്രിക്കേണ്ട സാഹചര്യമായിരുന്നു. നഗരസഭ നിർദേശങ്ങൾ നൽകാതിരുന്നതിനാൽ സാധനങ്ങൾ വാങ്ങാൻ ജനങ്ങളും കൂട്ടത്തോടെയെത്തി. പച്ചക്കറി, പലചരക്ക് കടകളിൽ ജനങ്ങൾ തിങ്ങിനിൽക്കുന്ന കാഴ്ചയായിരുന്നു. യാതൊരു മുൻകരുതലുകളും കൂടാതെയാണ് സാധനങ്ങൾ വാങ്ങാൻ ജനങ്ങളെത്തിയത്.

പറവൂർ നഗരത്തിൽ നിരവധി കടകൾ തുറന്നിട്ടുണ്ട്. പലചരക്കുകടകൾ കൂടാതെ സ്റ്റേഷനറി, ബേക്കറികൾ എന്നിവയാണ് തുറന്നിട്ടുള്ളത്. ആരോഗ്യവകുപ്പ്, നഗരസഭ, പൊലീസ് എന്നിവരാരും മറ്റു നിർദ്ദേശങ്ങൾ നൽകിയിട്ടില്ല. വൈകിട്ട് അഞ്ചിന് കടകൾ അടയ്ക്കണമെന്ന നിർദ്ദേശം ചില കടക്കാൾ മുഖവിലക്കെടുത്തില്ല. പൊലീസെത്തിയാണ് കടകൾ അടപ്പിച്ചത്. നഗരത്തിൽ പൊലീസ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി വാഹനങ്ങൾ പരിശോധിച്ചു. അത്യാവശ്യമല്ലാത്ത യാത്രക്കാരെ തിരിച്ചയച്ചു. നിരവധി സ്വകാര്യ കാറുകളും ബൈക്കുകളും നിലത്തിലിറങ്ങിയിരുന്നു. പൊലീസിന്റെ ഇടപെടൽ ശക്തമായതോടെ ഉച്ചയോടെ കുറവുണ്ടായി.

മാർക്കറ്റുകളിൽ നിയന്ത്രണം ഏർപ്പെടുത്തി

പറവൂർ മാർക്കറ്റ്, പെരുമ്പടന്ന മത്സ്യ മാർക്കറ്റുകളിലെ കച്ചവടം നിയന്ത്രിക്കും. കച്ചവടക്കാർക്കും വ്യാപാരികളുടെ പ്രതിനിധികൾക്കും ഇതുമായി ബന്ധപ്പെട്ട് നോട്ടീസ് നൽകി. പറവൂർ മാർക്കറ്റിൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ചില്ലറ വില്പന ഉണ്ടാകില്ല. ചെറുകിട കച്ചവടക്കാർക്കു മാത്രമായിരിക്കണം സാധനങ്ങൾ നൽക്കേണ്ടത്. മത്സ്യമാർക്കറ്റിൽ ലേലം വിളിച്ചു കൊടുക്കാൻ പാടില്ല. നിശ്ചിതവിലയ്ക്ക് കച്ചവടം നടത്തണം. നഗരത്തിലും പരിസര പ്രദേശങ്ങളിലും കൂട്ടംകൂടി നിൽക്കാൻ പാടില്ല. വിദേശത്തുനിന്ന് എത്തുന്നവരെക്കുറിച്ചുള്ള വിവരങ്ങൾ വാർഡ് കൗൺസിലർമാരെയോ ആശാ വർക്കർമാരെയോ അറിയിക്കണമെന്നും ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും നഗരസഭ ചെയർമാൻ ഡി. രാജ്കുമാർ അറിയിച്ചു.