നെടുമ്പാശേരി: പ്രളയവും കൊറോണ പോലെയുള്ള മഹാമാരികളും നേരിടാനുള്ള പദ്ധതികളുമായി കുന്നുകര പഞ്ചായത്ത് ബഡ്ജറ്റ്. 31.40 കോടി രൂപ വരവും 31.07 കോടി ചെലവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റാണ് വൈസ് പ്രസിഡന്റ് സീന സന്തോഷ് അവതരിപ്പിച്ചത്.

യോഗത്തിൽ പ്രസിഡന്റ് ഫ്രാൻസിസ് തറയിൽ അദ്ധ്യക്ഷനായിരുന്നു.

മഹാദുരന്തങ്ങൾ നേരിടേണ്ടി വരുമ്പോൾ അതിനെ അതിജീവിക്കുന്നതിനും ആളുകളെ മാറ്റിപ്പാർപ്പിക്കുന്നതിനുമായുള്ള സൗകര്യത്തോടെയുള്ള മൾട്ടി പർപ്പസ് ഹാളുകളുടെ നിർമ്മാണത്തിനായി 5.5 കോടി രൂപ ബഡ്ജറ്റിൽ വകയിരുത്തി. ശീതീകരണ സൗകര്യങ്ങളോടെയായിരിക്കും ഇവ നിർമ്മിക്കുക. പൊതുജനങ്ങൾക്ക് വിവാഹം പോലെയുള്ള ചടങ്ങുകൾക്ക് ചെറിയ തുകയ്ക്ക് ഇവ വിനിയോഗിക്കാനാകും. വനിതകൾക്ക് സ്വയം സംരംഭങ്ങൾ ആരംഭിക്കുന്നതിനും ഭൂരഹിത ഭവനരഹിതർക്ക് ഭവനം നൽകുന്നതിനും ബഡ്ജറ്റിൽ തുല്യപരിഗണന നൽകുന്നു. വനിതാ സംരംഭങ്ങൾക്കും ഭവന പദ്ധതിക്കും അഞ്ചുകോടി രൂപ വീതം നീക്കിവച്ചു. പട്ടികജാതി വിഭാഗങ്ങളുടെ ക്ഷേമത്തിനായി 1.5 കോടി രൂപയും കാർഷിക മേഖലയ്ക്കായി 60 ലക്ഷം രൂപയും, വിദ്യാഭ്യാസ മേഖലയ്ക്കായി 1.5 കോടി രൂപയും മാറ്റിവച്ചിട്ടുണ്ട്.

വിവിധ കുടിവെള്ള പദ്ധതികൾക്കായി 1.5 കോടി രൂപയും റോഡുകൾ, തോടുകൾ മുതലായവയുടെ നിർമ്മാണത്തിനായി പശ്ചാത്തല മേഖലയിൽ 1.75 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. യുവജനങ്ങൾക്ക് കളിസ്ഥലം ഉണ്ടാക്കുന്നതിനായി ഒരു കോടി രൂപ മാറ്റിവച്ചിട്ടുണ്ട്. പഞ്ചായത്തിലെ മുഴുവൻ ജനങ്ങൾക്കും ഇൻഷ്വറൻസ് പദ്ധതി, അങ്കണവാടി കെട്ടിടങ്ങൾ, പകൽവീട് തുടങ്ങിയ പദ്ധതികൾക്കും തുക വകയിരുത്തിയിട്ടുണ്ട്.