വൈപ്പിൻ : കൊറോണക്കെതിരെയുള്ള അടച്ചുപൂട്ടൽ നിർദേശത്തെതുടർന്ന് വൈപ്പിൻ മേഖല നിശ്ചലമായി. നൂറ്റിഅമ്പതോളം സ്വകാര്യബസുകളും അമ്പതോളം കെ.എസ്.ആർ.ടി.സി ബസുകളും സർവീസ് നടത്തുന്ന വൈപ്പിൻ - മുനമ്പം സംസ്ഥാനപാത ശൂന്യമായി. വല്ലപ്പോഴും ചില സ്വകാര്യ കാറുകളെ കാണാമായിരുന്നു. വൈപ്പിൻ - ഫോർട്ടുകൊച്ചി ഫെറി സർവീസും മുനമ്പം - അഴീക്കോട് ഫെറി സർവീസും നിർത്തിവെച്ചു. ഓട്ടോറിക്ഷകൾക്ക് ഓടാൻ അനുമതി ഉണ്ടെങ്കിലും നിയന്ത്രണമുള്ളതിനാൽ പലയിടത്തും ഓട്ടംനിർത്തിയ മട്ടാണ്. 85 ഓട്ടോറിക്ഷകളുള്ള ചെറായി ദേവസ്വം നട സ്റ്റാൻഡിൽ ഓട്ടോക്കാർ രാവിലെ എത്തിയെങ്കിലും പൊലീസ് നിർദേശത്തെത്തുടർന്ന് ഓട്ടം നിർത്തി. എന്നാൽ വൈപ്പിൻകരയിലെ മറ്റിടങ്ങളിൽ ഓട്ടോകൾ ഓടുന്നുണ്ട്. മുനമ്പം ഹാർബർ , മിനി ഹാർബർ, മുരിക്കുംപാടം ഹാർബർ എന്നിവ അടഞ്ഞുകിടന്നു. മത്സ്യബന്ധന ബോട്ടുകൾ കടലിലേക്ക് പോയില്ല.

പലചരക്ക് കടകളും മറ്റു ചില കടകളും തുറന്നുപ്രവർത്തിച്ചു. പൊലീസ് നിർദേശത്തെത്തുടർന്ന് വൈകിട്ട് അഞ്ച് മണിയോടെ അടച്ചു. മെഡിക്കൽ ഷോപ്പുകളും റേഷൻ കടകളും പെട്രോൾ പാമ്പുകളും മുഴുവൻ സമയം പ്രവർത്തിച്ചു. സഹകരണ ബാങ്കുകൾ ഉൾപ്പെടെ എല്ലാ ബാങ്കുകളും തുറന്ന് രണ്ടുമണി വരെ പ്രവർത്തിച്ചു. സംസ്ഥാന പാതയിലും പ്രധാന കേന്ദ്രങ്ങളിലുമൊക്കെ പൊലീസ് പട്രോളിംഗ് ശക്തമാക്കി. റോഡിൽ അനാവശ്യമായി കറങ്ങി നടന്നവരെയെല്ലാം വീട്ടിലേക്ക് പറഞ്ഞുവിട്ടു. കടത്തിണ്ണകളിൽ കൂട്ടം കൂടിയിരുന്നവരെ വിരട്ടിയോടിച്ചു.