കൊച്ചി : കൊറോണയുമായി ബന്ധപ്പെട്ട് ജനങ്ങൾക്ക് ധൈര്യം പകരാനും സംശയങ്ങൾക്കു ശാസ്ത്രീയ മറുപടി നൽകുന്നതിനുമായി വരാപ്പുഴ അതിരൂപത ഹെൽപ്പ് ഡെസ്ക് രൂപീകരിച്ചു. ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ നിഷേധിക്കപ്പെട്ടാൽ അത് ലഭ്യമാക്കാനും ജാതിമതഭേദമെന്യ എല്ലാവരെയും സഹായിക്കാനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ് ഡോ . ജോസഫ് കളത്തിപ്പറമ്പിൽ പറഞ്ഞു.

ജില്ലാ ഭരണകൂടവുമായി സഹകരിച്ചാവും ഹെൽപ്പ് ഡെസ്‌കിന്റെ പ്രവർത്തനം. വിവിധ മേഖലകളിലെ വിദഗ്ദ്ധരുടെ സേവനം ഫോൺ, ഇന്റർനെറ്റ് എന്നിവ വഴി ലഭ്യമാക്കും. സർക്കാർ നൽകുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം. ഭക്ഷണത്തിനും മരുന്നിനും ആരും ബുദ്ധിമുട്ടുന്നില്ലെന്ന് ഉറപ്പാക്കണം. അയൽവീട്ടുകാർ പട്ടിണിയിലാകാതിരിക്കാൻ വേണ്ട മുൻകരുതലുകൾ ഓരോരുത്തരും സ്വീകരിക്കണം. 31 വരെ വിശ്വാസികൾക്ക് ദേവാലയത്തിൽ പ്രവേശിക്കുന്നതിന് വിലക്കുണ്ട് . നിരീക്ഷണത്തിൽ ഉള്ളവർ ക്വാറന്റയിൻ കാലത്ത് പുറത്തിറങ്ങരുത് . സാമൂഹിക അകലം പാലിക്കുക എന്നത് ഓരോരുത്തരുടെയും മനുഷ്യത്വപരമായ കടമയാണെന്നും ആർച്ച് ബിഷപ്പ് പറഞ്ഞു.