കൊച്ചി: ലോക് ഡൗണിന്റെ ഭാഗമായി നഗരത്തിൽ കർശന സുരക്ഷയും നിയന്ത്രണങ്ങളും ഏർപ്പെടുത്തിയതോടെ എല്ലായിടവും വിജനമായി. ഇന്നലെ രാവിലെ സ്വകാര്യവാഹനങ്ങൾ കാര്യമായി നിരത്തിലിറങ്ങിയതോടെ പൊലീസ് നിയന്ത്രണം ശക്തമാക്കി. വാഹനങ്ങൾ തടഞ്ഞ് പരിശോധിച്ച് അവശ്യ കാര്യങ്ങൾക്കാണെന്ന് ഉറപ്പാക്കി. അല്ലാത്തവർക്കെതിരെ കേസെടുത്തു. ഒരു കിലോമീറ്റർ ദൂരത്തിനിടയ്‌ക്ക് പ്രത്യേക പോയിന്റുകൾ സ്ഥാപിച്ചായിരുന്നു പരിശോധന.സൗകര്യത്തിനായി റോഡിന്റെ ഒരു ഭാഗം റിബൺ കെട്ടി ബ്ളോക്ക് ചെയ്‌തു. നിയന്ത്രണങ്ങൾ ശക്തമായതോടെ കറങ്ങാനിറങ്ങിയവർ ഉൾവലിഞ്ഞു. ചിലർ പൊലീസിന് മുന്നിൽ നിന്ന് രക്ഷപ്പെടാൻ പല നമ്പരുകളിറക്കി. ഒരാൾ മരുന്നു വാങ്ങാനായി കാണിച്ചത് ഡോക്‌ടറുടെ കുറിപ്പ്. പൊലീസ് പരിശോധിച്ചപ്പോൾ അത് 2017 ലേതായിരുന്നു. ചോദ്യം ചെയ്‌തപ്പോൾ മാറിപ്പോയെന്നായി മറുപടി. വിശദമായി ചോദിച്ചതോടെ കള്ളത്തരം പൊളിഞ്ഞു. കേസെടുത്താണ് പിന്നീട് ഇയാളെ വിട്ടയച്ചത്.

അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ മാത്രമാണ് ഇന്നലെ നഗരത്തിൽ തുറന്നത്. ഏതാനും ബേക്കറികളും ഹോട്ടലുകളും പ്രവർത്തിച്ചു. വഴിയോരങ്ങളിൽ അന്തിയുറങ്ങുന്നവർക്ക് പൊലീസ് തന്നെ ഭക്ഷണം നൽകി. കൊച്ചി സിറ്റിയിൽ അസി.കമ്മിഷണർ കെ.ലാൽജി നേതൃത്വം നൽകി. ഇന്ന് നിയന്ത്രണങ്ങൾ കൂടുതൽ കർക്കശമാക്കുമെന്ന് പൊലീസ് അറിയിച്ചു. പാസുകളോ സത്യവാങ്മൂലമോ കാണിക്കുന്നവരെ മാത്രമേ കടത്തിവിടൂ.