കൊച്ചി: കർശന നിബന്ധനയോടെ ഒരുവശത്ത് ലോക്ക് ഡൗൺ. ഇതിന്റെ ഭാഗമായുള്ള നിരോധനാജ്ഞ കടുപ്പിച്ച് മറുവശത്ത് പൊലീസ്. കൊറോണ വൈറസ് വ്യാപനത്തെ തടയാനുള്ള പരിശ്രമങ്ങൾ സർക്കാർ കൂടുതൽ ശക്തമാക്കിയതോടെ എറണാകുളം ജില്ല പൂർണമായും അടഞ്ഞു കിടക്കുകയാണ്. ലോക്ക് ഡൗണിന്റെ ആദ്യ ദിനമായ ഇന്നലെ ഈ സമയം നിരവധി സ്വകാര്യ വാഹനങ്ങൾ റോഡിൽ ഇറങ്ങിയിരുന്നു. എന്നാൽ, ഇന്ന് രാവിലെ മുതൽ നിരത്തുകൾ വിജനമാണ്.
സംസ്ഥാനത്തെ ഏറ്റവും തിരക്കുള്ള വൈറ്റില ജംഗ്ഷനിലൂടെ ഒരു വാഹനം പോലും കടന്നുപോകുന്നില്ല. സമാനമായ സ്ഥിതി തന്നെയാണ് പാലാരിവട്ടത്തും ഇടപ്പള്ളി ജംഗ്ഷനിലും. അങ്കമാലി, ആലുവ, മൂവാറ്റുപുഴ, കോതമംഗലം, പിറവം, പശ്ചിമകൊച്ചി, പറവൂർ എന്നിവിടങ്ങളിലും വാഹനങ്ങൾ ഒന്നും തന്നെ നിരത്തിൽ ഇറങ്ങിയിട്ടില്ല. എന്നാൽ, ആശുപത്രി ആവശ്യങ്ങൾക്കായി ഏതാനും ചില കാറുകൾ കൊച്ചി നഗരത്തിൽ എത്തിയിരുന്നു. ഇവരിൽ നിന്നും സത്യവാങ്മൂലം വാങ്ങിയ ശേഷം വിട്ടയച്ചു. രാവിലെ നിർദ്ദേശം ലംഘിച്ച് പുറത്തിറങ്ങിയ ആർക്കുമെതിരെ പൊലീസ് കേസ് എടുത്തിട്ടില്ല. അതേസമയം, ഏതാനും ചില കടകൾ ഒഴിച്ച് നിർത്തിയാൽ ജില്ലയുടെ പ്രധാന കേന്ദ്രങ്ങളിലെല്ലാം കടകമ്പോളങ്ങൾ അടഞ്ഞ് കിടക്കുകയാണ്.
കടുപ്പിച്ച് പരിശോധന
വിലക്ക് ലംഘിച്ച് പുറത്തിറങ്ങാനാണോ ഉദ്ദേശം. എന്നാൽ, പണി പാളും. പൊലീസ് കേസാകും. എറണാകുളം ജില്ലയിൽ പൊലീസ് പരിശോധന കൂടുതൽ കടുപ്പിച്ചിരിക്കുകയാണ്. ഗ്രാമ, നഗര വ്യത്യാസമില്ലാതെ മുക്കും മൂലയും പൊലീസ് നിരീക്ഷണത്തിലാണ്. ഇന്നലെ സ്ഥിതി കൈവിട്ട് പോയതോടെയാണ് പരിശോധന കടുപ്പിക്കാൻ പൊലീസ് തീരുമാനിച്ചത്. കൊച്ചി സിറ്റി പൊലീസും എറണാകുളം റൂറൽ പൊലീസും കൂടുതൽപേരെ ഇതിനോടകം നിയമിച്ചു കഴിഞ്ഞു. രണ്ടിടത്തും ജില്ലാ പൊലീസ് മേധാവിമാർ നേരിട്ടാണ് കാര്യങ്ങൾ നിയന്ത്രിക്കുന്നത്. ഇന്നലെ കൊച്ചിയിൽ 133 കേസുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തത്. 84 പേരെ അറസ്റ്റ് ചെയ്തു. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടു.