കൊച്ചി: ലോക്ക് ഡൗണല്ലേ, ജംഗ്ഷൻ വരെ ഒന്ന് പോയിവരാം. എന്താണ് അവസ്ഥയെന്ന് അറിയണമല്ലോ. ഇങ്ങനെ, നഗര കാഴ്ച കാണാൻ പുറത്തിറങ്ങുന്നവർ കാരണം പൊലീസ് ചില്ലറയൊന്നുമല്ല പൊല്ലാപ്പിലാകുന്നത്. ഇത്തരക്കാരെ വീടിനുള്ളിലിരുത്താൻ ഡ്രോൺ പറത്തുകയാണ് തൃശൂർ പൊലീസ്. കേരള ഡ്രോൺ അസോസിയേഷന്റെ സഹായത്തോടെയാണ് ഇത് നടപ്പാക്കുന്നത്.
ആകാശക്കാഴ്ച പകർത്തുകയും ഇത് പരിശോധിച്ച് പുറത്ത് ഇറങ്ങുന്നവർക്കെതിരെ നടപടി എടുക്കുകയുമാണ് ചെയ്യുന്നത്. നിലവിൽ, തൃശൂരിൽ മാത്രമാണ് പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്. വരും ദിവസങ്ങളിൽ മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിക്കും. കൊറോണ രോഗം പൊട്ടിപ്പുറപ്പെട്ട വുഹാനിൽ ചൈനീസ് സർക്കാരും സമാനമായ രീതിയിൽ ഡ്രോണുകളെ ഉപയോഗിച്ചിരുന്നു.
പ്രതിരോധ മുൻകരുതലുകളെ കുറിച്ച് കൃത്യമായ നിർദേശങ്ങൾ നൽകുന്നതിനായിരുന്നു ചൈന ഡ്രോണുകളുടെ സഹായം പ്രയോജനപ്പെടുത്തിയത്. മാസ്‌ക് ധരിക്കാതെയോ കൃത്യമായ നിർദേശങ്ങൾ പാലിക്കാതെയോ ജനങ്ങൾ പുറത്തിറങ്ങിയാൽ ഡ്രോൺ പിന്നാലെ എത്തി മുന്നറിയിപ്പ് നൽകുകയായിരുന്നു രീതി. നിർദ്ദേശങ്ങൾ പാലിക്കാത പുറത്തിറങ്ങിയ മുത്തശ്ശിക്ക് ഡ്രോൺ മുന്നറിയിപ്പ് നൽകുന്ന വീഡിയോ വൈറലായിരുന്നു. നിരവധി ഡ്രോണുകളാണ് ഇതിനായി ചൈന ഉപയോഗിച്ചത്.
പൊലീസ് പാഞ്ഞെത്തും
ഡ്രോൺ ഉയരത്തിലേക്ക് പറത്തി ദൃശ്യങ്ങൾ ലൈവായി കാണും. ആളുകൾ കൂട്ടം കൂടി നിൽക്കുന്നതോ, വാഹനങ്ങൾ പുറത്തിറങ്ങുന്നതോ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ ഒരു സംഘം പൊലീസ് അവിടെ എത്തി നടപടി എടുക്കും. കഴിഞ്ഞ ദിവസം പരീക്ഷണാടിസ്ഥാനത്തിൽ ഡ്രോൺ ഉപയോഗിച്ചിരുന്നു. ഇത് വിജയിച്ചതോടെയാണ് വ്യാപിപ്പിക്കാൻ തീരുമാനിച്ചത്.