കൊച്ചി : കൊറോണ ഭീതിയിൽ ജില്ലയിലെ ഹോസ്റ്റലുകൾ അടച്ചതോടെ നഴ്സുമാർ പെരുവഴിയിലായി. നഗരത്തിലെ മിക്ക ഹോസ്റ്റലുകളും മുറി ഒഴിയണമെന്ന് നഴ്സുമാർക്ക് നേരത്തെതന്നെ നിർദ്ദേശം നൽകിയിരുന്നു. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ലോക്ക് ഡൗൺ കൂടി പ്രഖ്യാപിച്ചതോടെ കാര്യങ്ങൾ കൂടുതൽ വഷളായി. അടുത്തദിവസം മുറിയൊഴിയണമെന്ന് അറിയിച്ച് തിങ്കളാഴ്ച രാത്രി ഹോസ്റ്റൽ അധികൃതരുടെ ഫോൺവിളിയെത്തി. രോഗികളുമായി അടുത്ത സമ്പർക്കം പുലർത്തുന്നതിനാൽ രോഗം പകരാൻ സാദ്ധ്യതയുണ്ടെന്ന് പറഞ്ഞാണ് ഹോസ്റ്റൽ അധികൃതർ ഇവരോട് മുറിയൊഴിയാൻ ആവശ്യപ്പെട്ടത്. മറ്റ് ജില്ലകളിലും ആശുപത്രി ജീവനക്കാർക്ക് ഇതേ അവസ്ഥയാണ്.
സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാർ, ടെക്‌നീഷ്യന്മാർ, ഡോക്ടർമാർ തുടങ്ങിയവർ നഗരത്തിലെ വിവിധ ഹോസ്റ്റലുകളിലായാണ് താമസിച്ചിരുന്നത്. ഹോസ്റ്റലുകളിൽ നിന്ന് ഇത്തരത്തിൽ നിർദ്ദേശം വന്നതോടെ ഭൂരിഭാഗം നഴ്‌സുമാരും ഡ്യൂട്ടി കഴിഞ്ഞിട്ടും ആശുപത്രികളിൽത്തന്നെയാണ് താമസം. ആശുപത്രികൾക്ക് പുറമെ സുഹൃത്തുക്കളുടെ വീടുകളിലേക്ക് താമസം മാറ്റിയവരുമുണ്ട്.
അവധിയെടുത്ത് നാട്ടിൽ പോയി മടങ്ങിവന്നവർക്കും ഇതേ അവസ്ഥയാണ്. 'ചൊവ്വാഴ്ച രാവിലെ എത്തിയപ്പോൾ ഹോസ്റ്റൽ പൂട്ടിയ നിലയിലാണ് കണ്ടത്. വാർഡനെ വിളിച്ചെങ്കിലും ഫോൺ എടുക്കാൻ പോലും സന്മനസ് കാട്ടിയില്ല. ഹോസ്റ്റലിൽ മറ്റു കുട്ടികൾ താമസിക്കുന്നുണ്ട്. ഡ്രസ് അടങ്ങിയ ബാഗ് ഹോസ്റ്റൽ മുറിയിലുണ്ട്. അതുപോലും എടുക്കാൻ കഴിഞ്ഞിട്ടില്ല' എന്ന് കലൂരിലെ സ്വകാര്യ ആയുർവേദ ആശുപത്രിയിലെ റിസപ്ഷനിസ്റ്റായ യുവതി പറഞ്ഞു. തിരുവനന്തപുരം സ്വദേശിനിയായ ഇവർ ഇപ്പോൾ ആശുപത്രിയിലാണ് താമസിക്കുന്നത്. വസ്ത്രവും മറ്റു അവശ്യസാധനങ്ങളും സുഹൃത്ത് എത്തിച്ചുനൽകി.
ഹോസ്റ്റലിൽ നിന്ന് ഇറങ്ങേണ്ടി വന്ന ജീവനക്കാർക്ക് സർക്കാർ ഇടപെട്ട് താമസസൗകര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കളക്ടർക്കും ആരോഗ്യമന്ത്രിക്കും യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പി.വൈ. ഷാജഹാൻ നിവേദനം നൽകി.