കൊച്ചി : ക്ഷീരസംഘങ്ങളിൽ നിന്നുള്ള വില്പന കുറഞ്ഞതോടെ മിൽമയിലേക്കത്തുന്ന പാലിന്റെ അളവിൽ ഗണ്യമായ വർദ്ധന. ഇടുക്കി, കോട്ടയം, എറണാകുളം, ത്വശൂർ ജില്ലകളിലായി മിൽമയുടെ പാൽ വില്പനയിൽ വൻവർദ്ധനവും രേഖപ്പെടുത്തി.

രണ്ടു ദിവസമായി എറണാകുളം മേഖലയിൽ 3.75 ലക്ഷം ലിറ്റർ പാലാണ് മിൽമയ്ക്കു വിൽക്കാൻ സാധിച്ചത്. സാധാരണ 3.50 ലക്ഷം ലിറ്ററായി​രുന്നു വി​ൽപ്പന. ഇതി​ൽ 2.80 ലക്ഷം ലിറ്റർ മാത്രമാണ് സംഭരിക്കുന്നത്. ബാക്കി ലിറ്ററൊന്നിന് 42 രൂപയ്ക്ക് തമിഴ്‌നാട്ടിൽനിന്ന് 25,000 ലിറ്ററും, 38 രൂപയ്ക്ക് കർണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളിൽനിന്ന് 15,000 ലിറ്ററും വാങ്ങാറാണ് പതി​വ്. മലബാറിൽ നിന്ന് മറ്റൊരു 15,000 ലിറ്റർ കൂടി ലഭിച്ചതിലൂടെയാണ് എറണാകുളം മേഖലയിലെ പാൽവില്പന സുഗമമായി നടന്നത്.

# സംഭരണം വർദ്ധിച്ചു

കൊറോണ വൈറസിന്റെ വരവോടെ കാര്യങ്ങൾ മാറിമറിഞ്ഞു. അയൽ സംസ്ഥാനങ്ങളിൽ നിന്നും മലബാറി​ൽ നി​ന്നും പാൽ വരാതായി​. എറണാകുളം മേഖലയിൽ പാൽസംഭരണം വർദ്ധിക്കുകയും ചെയ്തു. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി നാലു ജില്ലകളിൽനിന്നായി 3.40 ലക്ഷം ലിറ്റർ സംഭരി​ക്കാനായി​. ഞായറാഴ്ച സംഭരിച്ച മൂന്നു ലക്ഷം ലിറ്ററി​ൽ 70,000 മാത്രമേ വിൽക്കാനായുള്ളൂ. ബാക്കിവന്നത് കഴിഞ്ഞ രണ്ടു ദിവസത്തെ അധികവില്പനക്കു സഹായകരമായി​.
പാൽസംഭരണം ക്രമാതീതമായി വർദ്ധിച്ചാൽ അധികംവരുന്ന പാൽ പൊടിയായി സൂക്ഷിക്കും. ഇതി​ന് നല്ല ചെലവു വരും. കർഷകരെ പ്രതി​സന്ധയി​ലാക്കാതി​രി​ക്കാൻ സംഭരണം മുടക്കി​ല്ല.

# വില വർദ്ധിപ്പിക്കണമെന്ന് മിൽമ

പാൽവില 50 രൂപയെങ്കിലുമായാൽ മാത്രമേ പിടിച്ചുനിൽക്കാനാകൂവെന്ന് മിൽമ അധികൃതർ പറയുന്നു. നിലവിലെ സാഹചര്യത്തിൽ വില വർദ്ധിപ്പിക്കാൻ ബുദ്ധിമുട്ടായതിനാൽ ക്ഷീരകർഷകർക്ക് ലിറ്ററൊന്നിന് മൂന്നോ നാലോ രൂപ ഇൻസെന്റീവ് നൽകാൻ ധാരണയായെങ്കിലും സാധിക്കുന്നില്ല. ഏപ്രിൽ മുതലെങ്കിലും ഇത് നൽകാനാകണം. എങ്കി​ലേ കർഷകർ ക്ഷീരമേഖല വിട്ടുപോകുന്നതു തടയാനാകൂവെന്ന് മിൽമ അധികൃതർ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ നേരിൽക്കണ്ട് അറിയിച്ചു.
കൊറോണ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ രാവിലെ 7 മുതൽ വൈകിട്ട് 5 വരെയാണ് മിൽമയുടെ വില്പനശാലകൾ പ്രവർത്തിക്കുന്നത്. ക്ഷീരസംഘങ്ങളിൽ പാൽ സ്വീകരിക്കുന്നതും മുൻകരുതലുകളോടെയാണെന്ന് അധികൃതർ അറിയിച്ചു.