കൊച്ചി : ലോക്ക് ഡൗൺ നിർദ്ദേശം ലംഘിച്ച് പുറത്തിറങ്ങിയ 30 പേരെ കൊച്ചി സിറ്റി പൊലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ വാഹനം പൊലീസ് പിടിച്ചെടുക്കുകയും ചെയ്തു. ലോക്ക് ഡൗൺ പൂർണമായി പിൻവലിക്കുമ്പോൾ വാഹനങ്ങൾ വിട്ടുകൊടുക്കാനാണ് പൊലീസ് തീരുമാനിച്ചിട്ടുള്ളത്. അതേസമയം, ഒന്നിൽ കൂടുതൽ പ്രാവശ്യം പൊലീസ് നിർദ്ദേശം ലംഘിച്ചാൽ വാഹനത്തിന്റെ രജിസ്‌ട്രേഷൻ റദ്ദാക്കും. ആവശ്യമില്ലാതെ നിരത്തിലിറങ്ങുന്നവർക്കെതിരെ നടപടി തുടങ്ങാൻ ആർ.ടി.ഒയ്ക്ക് പൊലീസ് നിർദ്ദേശം നൽകിയിട്ടുണ്ട്. നിലവിൽ, കൊച്ചി നഗരത്തിലടക്കം പലചരക്ക് കടകൾ തുറന്ന് പ്രവർത്തിക്കുന്നുണ്ട്. ആൾക്കൂട്ടം ഒഴിവാക്കാനുള്ള കർശന നിർദ്ദേശം പാലിച്ചാണ് കടകൾ പ്രവർത്തിക്കുന്നത്. അവശ്യ സാധനങ്ങൾ വാങ്ങാൻ എത്തുന്നവരുടെ എണ്ണത്തിലും വലിയ കുറവ് ഉണ്ടായിട്ടുണ്ട്. പട്രോൾ പമ്പുകളും തുറന്ന് പ്രവർത്തിക്കുന്നുണ്ടെങ്കിലും ഇന്ധനം നിറക്കാൻ എത്തുന്നവരും നന്നേ കുറവാണ്.