കൊച്ചി: കൊറോണ പ്രതിരോധ നടപടികൾ ഫലപ്രദമായി നടപ്പാക്കാൻ പ്രാദേശികതലത്തിൽ ജാഗ്രതാ സമിതികൾ രൂപീകരിക്കണമെന്ന് നിർദ്ദേശം. പൊലീസ്, പ്രാദേശിക ഭരണകൂടം, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ, സന്നദ്ധസംഘടനകൾ എന്നിവ പ്രാദേശിക തലങ്ങളിൽ ഒരുമിച്ചു പ്രവർത്തിക്കണമെന്നാണ് നിർദ്ദേശം.

കൊറോണ പ്രതിരോധനം അവലോകനം ചെയ്യാൻ കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ (കെ.എൽ.സി.എ) സംസ്ഥാന കൗൺസിൽ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ നടത്തിയ ചർച്ചയിലാണ് നിർദ്ദേശങ്ങൾ ഉയർന്നതെന്ന് ജനറൽ സെക്രട്ടറി ഷെറി ജെ. തോമസ് പറഞ്ഞു.

# ശുപാർശകൾ

അവശ്യഘട്ടങ്ങളിൽ ഫോണിൽ ബന്ധപ്പെടാനുള്ള ഹെൽപ്പ് ലൈൻ സംവിധാനം.

ആരോഗ്യപരമായതും അത്യാവശ്യ കാര്യങ്ങൾക്കും ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശാനുസരണം നിർദ്ദേശങ്ങൾ കൊടുക്കാൻ പ്രാദേശിക സംവിധാനം.

മാസ്‌ക്, സാനിറ്റൈസർ നിർമ്മാണങ്ങൾ തുടരണം.

തൊഴിൽനഷ്ടം മുന്നിൽക്കണ്ട് സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ പദ്ധതികൾ.

അവശ്യവസ്തുക്കളുടെ വിഭവ ശേഖരണ സംവിധാനം സർക്കാർ സംവിധാനങ്ങളുടെ അറിവോടെ പ്രാദേശിക തലങ്ങളിൽ സാദ്ധ്യത തേടണം.

അവശ്യവസ്തുക്കൾ ശേഖരിച്ചുവയ്ക്കുന്നതിന് സഹായ പദ്ധതികൾ.

അർഹരായവർക്ക് പ്രാദേശികതലത്തിൽ സഹായ പദ്ധതികൾ.

സാമൂഹ്യമായ കൂടിച്ചേരലുകൾ ഒഴിവാക്കാൻ സർക്കാർ നൽകുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിക്കാൻ, പ്രത്യേകിച്ച് യുവാക്കൾക്ക് പ്രേരണ നൽകാനുള്ള മാർഗങ്ങൾ, നിയമപരമായ ബാദ്ധ്യതകൾ എന്നിവ പ്രചരിപ്പിക്കുക.

വീടുകളിൽ ആർക്കെങ്കിലും പനിയും ചുമയും ലക്ഷണങ്ങളുണ്ടെങ്കിൽ മറ്റുള്ളവരുമായി ഇടപഴകാതെ കഴിയുക.

വ്യാപനം തടയുന്നതിന് നിർബന്ധമായും പാലിക്കേണ്ട നിർദേശങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ സംവിധാനം.

വിലക്കയറ്റം, പൂഴ്‌ത്തിവയ്പ്പ് എന്നിവ കണ്ടാൽ നടപടികൾ സ്വീകരിക്കാൻ സംവിധാനം

വാഗ്ദാനം ചെയ്യപ്പെട്ട സാമൂഹിക പെൻഷനും ക്ഷേമപദ്ധതികളും അർഹരായവരെ അറിയിക്കാനും ലഭ്യമാക്കാനും പ്രവർത്തനങ്ങൾ.

പൊതുവായി ഉണ്ടാവുന്ന മനുഷ്യാവകാശ പ്രശ്‌നങ്ങൾ, പട്ടിണി മുതലായവ കണക്കിലെടുത്ത് സന്നദ്ധ പ്രവർത്തനങ്ങൾ നടത്തണം.