കൊച്ചി: 'അന്നം വിളമ്പുന്നവൻ വിശപ്പിന്റെ വേദന കൂടി അറിയണം. ഇപ്പോൾ പണത്തിനെക്കാളേറെ കൂടെപ്പിറപ്പുകളുടെ വിശപ്പ് കാണുന്നു'. മസാഫി ഹോട്ടലിന്റെ അടുക്കളയിൽ നിന്ന് ഷഹീർ ഹാഷിം പറയുകയാണ്. ഇയാളുടെ വാക്കുകളിലെ സ്നേഹവും അനുകമ്പയും 600 പേർക്കുള്ള ഭക്ഷണമായി പാകം ചെയ്തു വരികയാണ്. 600 ഭക്ഷണ പൊതിയുമായി കൊച്ചി നഗരത്തിലെ തെരുവിൽ കഴിയുന്നവർക്ക് അന്നമൂട്ടുകയാണ് ഷഹീർ ഹാഷിം. കൊറോണ ഭീതിയിൽ നാടും നഗരവും നിശ്ചലമായപ്പോൾ പട്ടിണിയിലായ ഇവർക്ക് തന്റെ ഹോട്ടലിൽ നിന്ന് രണ്ടു നേരം സൗജന്യമായി ഭക്ഷണം എത്തിക്കുന്നത് തന്റെ കടമയായി ഷഹീർ കാണുന്നു. കഴിഞ്ഞ തിങ്കളാഴ്ച മുതൽ ആരംഭിച്ചതാണ് സൗജന്യ ഭക്ഷണ വിതരണം. ആദ്യ ദിവസം സഹായത്തിനായി കൊച്ചി സിറ്റി പോലീസിനെ ഭക്ഷണവുമായി സമീപിച്ചു. പിന്നെ എറണാകുളം എ.സി.പി. കെ. ലാൽജിയുടെ സഹായത്തോടെയായി വിതരണം. ലോക്ക് ഡൗണിൽ ബുദ്ധിമുട്ടിലായവർക്ക് ഹോട്ടലിൽ നിന്നും ഭക്ഷണം നൽകുന്നുണ്ട്. തിങ്കളാഴ്ച മുതൽ തന്നെ മസാഫി ഹോട്ടലിനു മുന്നിൽ നിന്നും ഷഹീർ ഭക്ഷണ പൊതി വിതരണം ആരംഭിച്ചു. ഹോട്ടലുകൾ അടച്ചു പൂട്ടിയ സാഹചര്യത്തിലാണ് ഷഹീർ പരസര പ്രദേശത്തെ ആളുകൾക്കായും ഭക്ഷണം തയ്യാറാക്കി വെച്ചത്.
വാഴക്കാലയിലെ ഹോട്ടലിൽ നിന്നും പോലീസിന്റെ സഹായത്തോടെ തെരുവിൽ കഴിയുന്നവർക്കും ഭക്ഷണ പൊതികൾ വിതരണം ചെയ്തു. ഉച്ചയ്ക്ക് ചപ്പാത്തിയും കോഴിക്കറിയും വൈകിട്ട് നെയ്ച്ചോറും കോഴിക്കറിയുമാണ് വിതരണത്തിനായി ഒരുക്കുന്നത്. ഹോട്ടലിൽ നിന്നും ഭക്ഷണം പൂർണമായും സൗജന്യമായാണ് നൽകിയത്. തൃക്കാക്കര , സെൻട്രൽ പോലീസ് സ്റ്റേഷൻ പരിസരം എന്നിവിടങ്ങളിലാണ് ഭക്ഷണം എത്തിച്ചത്. കൂടുതൽ ദൂരേക്ക് ഭക്ഷണമെത്തിക്കാൻ നിലവിലെ സാഹചര്യത്തിൽ കഴിയാത്തതിനാലാണ് പോലീസിന്റെ സഹായം തേടിയതെന്ന് ഷഹീർ പറഞ്ഞു. എന്നാൽ എത്ര നാളത്തേക്കിത് തുടരാനാകുമെന്നു അറിയില്ല. കടകളിലും മാർക്കറ്റിലും ഭക്ഷണ സാധനങ്ങൾ കുറഞ്ഞു വരികയാണ്. എങ്കിലും പറ്റാവുന്നത്ര നാൾ തുടരുമെന്ന് അദ്ദേഹം പറഞ്ഞു.