കൊച്ചി: കൊറോണ വൈറസ് വ്യാപനത്തിനെതിരെ മുൻകരുതലെന്ന നിലയിൽ രാജ്യം മുഴുവൻ ലോക്ക്ഡൗണിലേക്ക് നീങ്ങിയപ്പോൾ ജനം മെഡിക്കൽ സ്റ്റോറുകളിൽ തടിച്ചുകൂടുന്നു. കൊറോണയുടെ മറവിൽ മരുന്നുകൾ വാങ്ങിക്കൂട്ടുന്ന തിരക്കിലാണ് ചിലർ. അവശ്യ സർവീസെന്ന നിലയിൽ മെഡിക്കൽ സ്റ്റോറുകൾ തുറക്കാമെന്നതിനാലും അത്യാവശ്യക്കാരാകുമെന്ന കണക്കുകൂട്ടലിൽ മരുന്ന് നൽകുന്നതിൽ സ്റ്റോറുടമകൾ നിയന്ത്രണം വയ്ക്കാത്തതും മുതലെടുക്കുകയാണ് ഒരുകൂട്ടർ. ചുമയ്ക്കും ജലദോഷത്തിനുമുള്ള കഫ് സിറപ്പുകളും പനിക്കുള്ള പാരസെറ്റമോളുകളുമാണ് പലരും വാങ്ങിക്കൂട്ടുന്നത്. വൃക്ക, പ്രമേഹ രോഗികളും കാൻസർ രോഗികളും അടുത്ത ദിവസങ്ങളിലേക്ക് തങ്ങൾക്ക് ആവശ്യമുള്ള മരുന്ന് സ്റ്റോക്ക് ചെയ്യുകയെന്ന ലക്ഷ്യത്തോടെ മരുന്ന് വാങ്ങിക്കാനെത്തുന്നുണ്ട്. ഇൻഹേലറുകൾക്കും ആവശ്യക്കാരേറെയാണ്.

ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ വരുന്നവർക്ക് മരുന്ന് നൽകരുതെന്ന കർശന നിർദേശം ആരോഗ്യവകുപ്പ് നൽകുന്നുണ്ട്. കുറിപ്പടി ഇല്ലാതെ മരുന്ന് നൽകുന്നത് ചിലമരുന്നുകളുടെ ദുരുപയോഗത്തിലേക്ക് നയിക്കുമെന്ന് ആരോഗ്യവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.

# ആയുർവേദ സ്റ്റോറുകളിലും തിരക്ക്

രാജ്യത്ത് 21 ദിവസത്തെ ലോക്ക്ഡൗൺ പ്രധാനമന്ത്രി പ്രഖ്യാപിച്ചതോടെ ആയുർവേദ മരുന്നുകടകളിലും തിരക്കേറിയിട്ടുണ്ട്. ഇത്രനാൾ ജോലിത്തിരക്കിൽ ശരീരം ശ്രദ്ധിക്കാതിരുന്നവർ 21 ദിവസംകൊണ്ട് ആരോഗ്യം മെച്ചപ്പെടുത്തിയിറങ്ങാൻ തീരുമാനിച്ച മട്ടാണ്.

ആയുർവേദ മരുന്ന് കടകളിൽ കുഴമ്പുകൾക്കും എണ്ണകൾക്കുമാണ് ആവശ്യക്കാരേറെ. ഇവ ആവശ്യപ്പെട്ട് തൃപ്പൂണിത്തുറ ആയുർവേദ ആശുപത്രിയിൽ ആരുമെത്തിയതായി ശ്രദ്ധയിൽപ്പെട്ടില്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.

ഇവിടെ കൊറോണ വാർഡ് ആരംഭിച്ചതിനാൽ ആശുപത്രിയിൽ ഒ.പിയും ജനറൽ വാർഡും മാത്രമേ പ്രവർത്തിക്കുന്നുള്ളൂ. 12 പേരാണ് ഇവിടെ കൊറോണ വാർഡിലുള്ളത്. വിദേശത്ത് നിന്നുവന്ന ഇവരെ ആരോഗ്യവകുപ്പിന്റെ നിർദ്ദേശപ്രകാരമാണ് ഇങ്ങോട്ടുമാറ്റിയത്. ഇവർക്ക് നിലവിൽ രോഗലക്ഷണമൊന്നുമില്ല. കിടത്തി ചികിത്സയ്ക്കുള്ള പേ വാർഡുകളിലുണ്ടായിരുന്ന രോഗികളെ മുഴുവൻ ഡിസ്ചാർജ് ചെയ്ത് അടിയന്തരാവശ്യം വന്നാൽ ഉപയോഗിക്കാൻ പാകത്തിൽ കൊറോണ രോഗികൾക്കായുള്ള സൗകര്യം ഒരുക്കിയിരിക്കുകയാണ്.

# പരിഭ്രാന്തി വേണ്ട

"വീട്ടിലിരിക്കുമ്പോൾ പനിയോ മറ്റ് അസ്വസ്ഥതകളോ വന്നാൽ ദിശ നമ്പറിൽ വിളിക്കാം. ടെലിമെഡിസിൻ വിഭാഗം പ്രവർത്തിക്കുന്നുണ്ട് ഇവിടെ. അവർ ആവശ്യമായ നിർദ്ദേശം നൽകും. വേണ്ട മരുന്നുകളെന്തൊക്കെയെന്നും പറഞ്ഞുതരും. അതനുസരിച്ച് പ്രവർത്തിക്കുക. അനാവശ്യമായി പരിഭ്രാന്തരാകേണ്ടതില്ല."

ഡോ. എൻ.കെ .കുട്ടപ്പൻ

ജില്ലാ മെഡിക്കൽ ഓഫീസർ

എറണാകുളം