മൂവാറ്റുപുഴ: ആരോഗ്യ മേഖലയ്ക്ക് പരിഗണന നല്‍കി 2019-20 ലെ പുതുക്കിയ ബഡ്ജറ്റും 2020-21 ബഡ്ജറ്റും നഗരസഭ വൈസ്‌ചെയര്‍മാന്‍ കൂടിയായ ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.കെ.ബാബുരാജ് അവതരിപ്പിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ ഉഷ ശശീധരൻ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ കൗണ്‍സില്‍ യോഗം ബഡ്ജറ്റ് അഗീകരിച്ചു.

#ഇലക്ട്രിക് വാഹനം

ആരോഗ്യ മേഖല കൂടുതല്‍ കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ രോഗികളെ വാര്‍ഡുകളിലേയ്ക്കും ഓപ്പറേഷന്‍ തിയേറ്ററുകളിലേയ്ക്കും പരിശോധ കേന്ദ്രങ്ങളിലേയ്ക്കും എത്തിക്കുന്നതിന് ഇലക്ട്രിക് വാഹനം വാങ്ങും.

നിലവില്‍ വീല്‍ചെയറും സ്ട്രച്ചറുകളുമാണ് ഇതിനായി ഉപയോഗിക്കുന്നത്. ജനറല്‍ ആശുപത്രിയില്‍ മാമോഗ്രാം, കീമോതെറാപ്പി യൂണിറ്റുകള്‍ സ്ഥാപിക്കുന്നതിന് അഞ്ച് ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.

#വിശപ്പ് രഹിത പദ്ധതിയ്ക്ക് 5 ലക്ഷം

സംസ്ഥാന സര്‍ക്കാരിൻ്റെ സ്വപ്‌നപദ്ധതിയായ വിശപ്പ് രഹിത കേരളം പദ്ധതി നഗരത്തില്‍ നടപ്പാക്കും. ആദ്യപടിയായി മൂവാറ്റുപുഴ നഗരസഭ ഓഫീസിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന നഗരസഭ കാൻ്റീന്‍ ഇതിനായി നീക്കിവയ്ക്കും. നഗരത്തിലെ മറ്റ് കേന്ദ്രങ്ങളിലും പദ്ധതി നടപ്പിലാക്കും. 25 രൂപയ്ക്ക് ഊണ് നല്‍കുന്നതാണ് പദ്ധതി. കുടുംബശ്രീയുമായി സഹകരിച്ച് നടപ്പാക്കുന്ന വിശപ്പ് രഹിത പദ്ധതിയ്ക്ക് അഞ്ച് ലക്ഷം രൂപയാണ് വകയിരുത്തിയിരിക്കുന്നത്.

#സമ്പൂര്‍ണ പാര്‍പ്പിട പദ്ധതിയ്ക്ക് 3 ലക്ഷം

സ്വന്തമായി വീടും സ്ഥലവും ഇല്ലാത്തവര്‍ക്ക് സ്ഥലം വാങ്ങുന്നതിന് മൂന്ന് ലക്ഷം രൂപയും ഇതിന് പുറമെ ബാങ്ക് വായ്പയും ലഭ്യമാക്കും. ഭവനരഹിതര്‍ക്കായി ഫ്ലാറ്റ് നിര്‍മിച്ച് നല്‍കും. ഇതിനായി പി.എം.എ.വൈ, ലൈഫ് ഭവനപദ്ധതികളില്‍ ഉള്‍പ്പെടുത്തി ഒന്നര കോടി രൂപ വകയിരുത്തി.