കൊച്ചി : സർക്കാരിന് ഒാൺലൈനായി മദ്യം വിൽക്കുന്നതിന് നിയമതടസമില്ല. കൊറോണ ഭീതിയിൽ രാജ്യത്ത് ലോക്ഡൗൺ നിലവിലുള്ള സാഹചര്യത്തിലാണ് ഒാൺലൈൻ മദ്യവില്പനയെക്കുറിച്ച് സർക്കാർ വീണ്ടും ആലോചിക്കുന്നത്.
മദ്യം ഒാൺലൈനായി വിൽക്കാൻ ബിവറേജസ് കോർപ്പറേഷനു നിർദ്ദേശം നൽകണമെന്ന സ്വകാര്യ ഹർജി മാർച്ച് 20ന് പിഴ ചുമത്തി തള്ളിയെങ്കിലും ,ഇത്തരം കാര്യങ്ങൾ സർക്കാരിന്റെ നയതീരുമാനമാണെന്ന് ഹൈക്കോടതി പറഞ്ഞിരുന്നു. മാത്രമല്ല, ബാറുകൾ തുറക്കുന്നതിനെതിരായ ഹർജികൾ മുൻപ് തള്ളിയത് ഒാൺലൈൻ മദ്യവില്പനയ്ക്കും ബാധകമാണ്.
ഹൈക്കോടതി
പറഞ്ഞത്
മദ്യത്തിന്റെ വില്പനയും വിതരണവും എങ്ങനെയെന്നത് സർക്കാരിന്റെ സവിശേഷാധികാരത്തിലുള്ള വിഷയങ്ങളാണ്. ഇതു സർക്കാരിന്റെ നയതീരുമാനമായതിനാൽ കോടതിക്ക് ഇടപെടാനാവില്ല. മദ്യവില്പനയും വിതരണവും വ്യക്തികളുടെ മൗലികാവകാശമല്ലെന്നതിനാൽ വിതരണം തന്റെ ഇഷ്ടപ്രകാരം വേണമെന്ന് ആവശ്യപ്പെടാൻ ഹർജിക്കാരന് അധികാരമില്ല..
തുടർന്ന്, ഒാൺലൈനിൽ മദ്യം വിൽക്കാൻ നിർദ്ദേശിക്കണമെന്നാവശ്യപ്പെട്ട് ആലുവ ദേശം സ്വദേശി ജി. ജ്യോതിഷ് നൽകിയ ഹർജി അര ലക്ഷം രൂപ കോടതിച്ചെലവു കെട്ടിവയ്ക്കണമെന്ന നിർദ്ദേശത്തോടെ തള്ളുകയായിരുന്നു. തുക രണ്ടാഴ്ചയ്ക്കകം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ അടച്ച് രസീത് ഹാജരാക്കാനും ആവശ്യപ്പെട്ടു.
പിഴ എന്തിന് ?
കൊറോണ ഭീഷണിയുള്ളതിനാൽ , ജാമ്യഹർജികൾ, ഹേബിയസ് ഹർജികൾ തുടങ്ങി മാറ്റിവയ്ക്കാൻ കഴിയാത്ത കേസുകൾ മാത്രം പരിഗണിച്ചാൽ മതിയെന്ന തീരുമാനത്തിനിടെയാണ് ഇത്തരമൊരു ഹർജി സിംഗിൾ ബെഞ്ചിലെത്തിയത്.
കൊറോണ ഭീഷണിയെത്തുടർന്നുള്ള അപകടസാദ്ധ്യത കണക്കിലെടുത്താണ് കോടതി അടിയന്തര സ്വഭാവമുള്ള കേസുകൾ പരിഗണിക്കുന്നതെന്നും ഇതിനിടെ ഇത്തരമൊരു ഹർജി വിവേചനരഹിതമാണെന്നും ചൂണ്ടിക്കാട്ടിയാണ് തള്ളിയത്. പിഴ ചുമത്തിക്കൊണ്ടുള്ള വിധിയുടെ പകർപ്പ് ഇനിയും ഹർജിക്കാരന് ലഭിക്കാത്തതിനാൽ തുക കെട്ടിവച്ചിട്ടില്ല. ഒാൺലൈനായി മദ്യം വിൽക്കുന്ന കാര്യം സർക്കാർ പരിഗണിക്കുന്ന സാഹചര്യത്തിൽ ഇക്കാര്യം ചൂണ്ടിക്കാട്ടി പിഴ ഒഴിവാക്കാനുള്ള അപേക്ഷ നൽകാൻ ഹർജിക്കാരന് അവസരമുണ്ട്.