പറവൂർ : ലോക്ക്ഡൗൺ നേരിടാൻ പറവൂർ നിയോജക മണ്ഡലത്തിൽ റേഷൻ കടകളിലും മാവേലി സ്റ്റോറുകളിലും അവശ്യവസ്തുക്കൾ ഉറപ്പുവരുത്തുമെന്ന് വി.ഡി. സതീശൻ എം.എൽ.എ അറിയിച്ചു. കിടപ്പുരോഗികൾക്ക് വീടുകളിൽ മരുന്നുകൾ എത്തിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പാലിയേറ്റീവ് കെയർ യൂണിറ്റുകളുമായി ചേർന്ന് നടപടികൾ സ്വീകരിക്കും. പൊതുഗതാഗതം തടസപ്പെട്ടതിനാൽ പുനർജനി പദ്ധതിയുടെ നേതൃത്വത്തിൽ പറവൂർ താലൂക്ക് ആശുപത്രിയിലെ മുഴുവൻ ജീവനക്കാർക്കും പറവൂരിൽത്തന്നെ താമസമൊരുക്കും. താലൂക്ക് ആശുപത്രിയിലെ മുഴുവൻ ജീവനക്കാർക്കും കിടപ്പു രോഗികൾക്കും അടുത്ത മൂന്നാഴ്ചക്കാലം പുനർജനിയുടെ നേതൃത്യത്തിൽ ഭക്ഷണം നൽകാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. ഇതിനാവശ്യമായ അടുക്കളയും ആശുപത്രിക്ക് പുറത്ത് സജ്ജീകരിച്ചിട്ടുണ്ട്. സർക്കാർ നിർദ്ദേശപ്രകാരം പഞ്ചായത്തുകളുമായും ആരോഗ്യ പ്രവർത്തകരുമായും ആവശ്യമായ ഏകോപനം നടത്തുമെന്നും എം.എൽ.എ പറഞ്ഞു.