കൊച്ചി: കൊറോണ ഭീതി ശക്തമായതോടെ തമിഴ്നാട്ടിൽ നിന്നുള്ള പച്ചക്കറി വരവ് പ്രശ്നമായേക്കും.കേരളത്തിലേക്ക് ട്രിപ്പെടുക്കാൻ ഡ്രൈവർമാർ തയ്യാറാകുന്നില്ല. ചെക്ക് പോസ്റ്റുകളിലെ കടുത്ത പരിശോധനകളാണ് മറ്റൊരു വെല്ലുവിളി. കേരളത്തിലേക്ക് തത്കാലം പച്ചക്കറി അയയ്ക്കേണ്ടെന്നാണ് ഒരു വി​ഭാഗം കച്ചവടക്കാരുടെ തീരുമാനം. കോയമ്പത്തൂർ, മേട്ടുപ്പാളയം, ഒട്ടംഛത്രം എന്നിവിടങ്ങളിൽ നിന്നാണ് എറണാകുളം മാർക്കറ്റിലേക്ക് ലോഡെത്തുന്നത് .

# ആളില്ല: അടയ്ക്കുമെന്ന് കച്ചവടക്കാർ

കാര്യമായ വില വർദ്ധനയില്ലെങ്കിലും മാർക്കറ്റി​ലേക്ക് സാധനം വാങ്ങാൻ അധി​കംപേർ വരുന്നില്ലെന്നാണ് കച്ചവടക്കാരുടെ പരാതി. ഹോട്ടലുകൾ, കാറ്ററിംഗുകാർ, കാന്റീൻ നടത്തിപ്പുകാർ, കൊച്ചിൻ ഷിപ്പയാർഡ് എന്നിവരായിരുന്നു മാർക്കറ്റിലെ മൊത്ത വിപണിയിലെ പ്രധാന ഇടപാടുകാർ. ഇതെല്ലാം പൂട്ടിയത് കച്ചവടത്തെ ബാധിച്ചു. മാർക്കറ്റിന്റെ പുറത്തുള്ള കച്ചവടം നിരോധിച്ചതും മൊത്ത കച്ചവടക്കാർക്ക് ക്ഷീണമായി. മാസ്കും സാനിറ്റൈസറും ഉപയോഗിക്കുന്നുണ്ടെങ്കിലും പല തരത്തിലുള്ള ആളുകളുമായി ഇടപഴകുന്നതിനാൽ സ്വന്തം ആരോഗ്യത്തെ കുറിച്ച് കച്ചവടക്കാർക്കും ആശങ്കയുണ്ട്. മാർക്കറ്റിലെ കച്ചവടം തുടരുന്നതിനോട് കുടുംബാംഗങ്ങൾക്കും ശക്തമായ എതിർപ്പുണ്ട്.

31 വരെ എറണാകുളം മാർക്കറ്റ് അടച്ചിടണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. ഇക്കാര്യത്തിൽ ഇന്ന് തീരുമാനമുണ്ടാകും.

എൻ.എച്ച്. ഷമീദ്

മാർക്കറ്റ് സ്റ്റാൾ ഓണേഴ്സ് അസോസിയേഷൻ ഭാരവാഹി

# ചെറിയ ഉള്ളിക്ക് വില ഉയരുന്നു

പച്ചക്കറിക്ക് വിലവർദ്ധനയില്ല

ലോക്ക് ഡൗണിനു മുന്നോടിയായി വിപണിയിൽ കഴിഞ്ഞ ദിവസം പച്ചക്കറി, പലചരക്ക് സാധനങ്ങൾക്ക് വില കൂടിയെങ്കിലും ഇന്നലെ കാര്യമായ വിലവർദ്ധനയുണ്ടായില്ല. ലഭ്യത കുറഞ്ഞതോടെ ചെറിയ ഉള്ളിയുടെ വില 100 രൂപയിലെത്തി. ചില്ലറ കച്ചവടക്കാർ 120 -130 രൂപയ്ക്ക് ആണ് വിറ്റത്.

കഴിഞ്ഞ ദിവസം 50 ന് വിറ്റ തക്കാളിക്ക് ഇന്നലെ വില 30 രൂപയായി കുറഞ്ഞു. അച്ചിങ്ങ 80 രൂപയിൽ നിന്ന് 20 ലേക്ക് താഴ്ന്നു. 80 രൂപയ്ക്ക് വിറ്റിരുന്ന ക്യാരറ്റ് ഇന്നലെ 50 രൂപയ്ക്ക് ലഭ്യമായി. പച്ച മുളകിന്റെ വില 100 ൽ നിന്ന് 80 ആയി.