anwarsadath-mla
ആലുവ മണപ്പുറത്ത് സഹായ ഹസ്തവുമായി അൻവർ സാദത്ത് എം.എൽ.എ എത്തിയപ്പോൾ

ആലുവ: ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് ആലുവയിൽ കുടുങ്ങിയ രോഗിയായ കണ്ണൂർ സ്വദേശിക്കും കുടുംബത്തിനും നാട്ടിലെത്താൻ അൻവർ സാദത്ത് എം.എൽ.എയുടെ സഹായഹസ്തം. ധർമ്മടം പ്ലാപ്പറമ്പിൽ വീട്ടിൽ പ്രശാന്ത് (33), ഭാര്യ അനിത (30), മകൾ പാർവതി (രണ്ട്) എന്നിവർക്കാണ് എം.എൽ.എയും പൊതുപ്രവർത്തകരും ചേർന്ന് നാട്ടിലെത്താൻ സൗകര്യമൊരുക്കിയത്.

തിരുവനന്തപുരം ആർ.സി.സിയിൽ ചികിത്സ കഴിഞ്ഞ് ട്രെയിനിൽ നാട്ടിലേക്ക് മടങ്ങുന്നതിനിടെ 21ന് പുലർച്ചെ മൂന്നരയോടെ പ്രശാന്തിന് അസ്വസ്ഥത അനുഭവപ്പെട്ടു. തുടർന്ന് ആലുവ സ്റ്റേഷനിൽ ഇറങ്ങി പൊലീസ് സഹായത്തോടെ ജില്ലാ ആശുപത്രിയിൽ ചികിത്സതേടി. 22ന് ആശുപത്രി വിട്ടെങ്കിലും ജനതാ കർഫ്യൂ പ്രഖ്യാപിച്ചതിനാൽ നാട്ടിലേക്ക് പോകാനായില്ല. തുടർന്ന് മണപ്പുറം ശിവക്ഷേത്ര പരിസരത്ത് അഭയംതേടി. അടുത്തദിവസം ട്രെയിൻ സർവീസും നിലച്ചതോടെ ഇവർ ആലുവയിൽ കുടുങ്ങി.

ലോക്ക്ഡൗണിന്റെ ഭാഗമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ ചൊവ്വാഴ്ച മണപ്പുറത്ത് തമ്പടിക്കുന്നവർക്ക് ഭക്ഷണവുമായി എത്തിയപ്പോഴാണ് പ്രശാന്തിന്റെ ദയനീയാവസ്ഥ അറിയുന്നത്. തുടർന്ന് സാമൂഹ്യ പ്രവർത്തകനായ വിജയൻ അശോകപുരത്തെ സ്വന്തംവീട്ടിൽ അവർക്ക് താമസസൗകര്യമൊരുക്കി.

ഇന്നലെ രാവിലെ അൻവർ സാദത്ത് എം.എൽ.എ, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ഹസീം ഖാലിദ്, വാർഡ്മെമ്പർ ലിനേഷ് വർഗീസ് എന്നിവരുടെ നേതൃത്വത്തിൽ ഇവരെ നേരിൽ സന്ദർശിച്ച് കാര്യങ്ങൾ ചോദിച്ചറിഞ്ഞ ശേഷമാണ് നാട്ടിലേക്ക് പോകുന്നതിന് വാഹനസൗകര്യം ഏർപ്പാടാക്കിയത്. സഹായിച്ചവർക്ക് നന്ദിഅറിയിച്ച് ഇന്നലെ ഉച്ചയോടെ അവർ നാട്ടിലേക്ക് മടങ്ങുകയും ചെയ്തു.

മണപ്പുറത്ത് അലയുന്നവർക്ക് ഗേൾസ് സ്കൂളിൽ താമസസൗകര്യം

കാലങ്ങളായി മണപ്പുറത്ത് ഭിക്ഷയാചിച്ച് കഴിഞ്ഞിരുന്നവർക്ക് ആലുവ ഗവ. ഗേൾസ് സ്‌കൂളിൽ താത്കാലിക താമസസൗകര്യം ഒരുക്കി നഗരസഭ. കൊറോണ ഭീതിയെത്തുടർന്ന് മണപ്പുറത്ത് നിന്നും പരിസരത്ത് നിന്നും ആളുകളെ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇവർക്ക് സുരക്ഷിത സൗകര്യമൊരുക്കിയത്. വിവിധ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ ഇവർക്ക് ഭക്ഷണവും എത്തിക്കുന്നുണ്ട്. യൂത്ത് കോൺഗ്രസ്, സേവാഭാരതി സംഘടനകളാണ് ഭക്ഷണവുമായി എത്തിയത്. ഏകദേശം 150ഓളം പേർക്കാണ് സ്‌കൂളിൽ താമസിക്കാൻ സൗകര്യമൊരുക്കിയത്.