കോലഞ്ചേരി: ഇന്നലെ പൊലീസ് പരിശോധനക്കിടയിൽ ബൈക്കിൽ ചീറി പാഞ്ഞ് വന്ന യുവാവിനോട് കുന്നത്തുനാട് സർക്കിൾ ഇൻസ്‌പെക്ടറുടെ ചോദ്യം, എവിടെ പോകുന്നു ? ജോത്സ്യനെ കാണാൻ. ജോത്സ്യൻ സ്റ്റേഷനിലുണ്ട് എൻ്റെ കൂടെ വാ കാണിച്ച് തരാം.സമയം കൊള്ളാമോ എന്ന് നോക്കാം. അടുത്തയാൾ റേഷൻ വാങ്ങാനിറങ്ങിയതാണ് പക്ഷെ റേഷൻ കാർഡ് കൈയ്യിലില്ല. കാക്കനാട് ഫ്ലാറ്റിൽ താമസിക്കുന്ന യുവാവ് പുത്തൻകുരിശ് വരെ ബീഫ് അന്വേഷിച്ച് എത്തി. ഇത്തരത്തിൽ ഇന്നലെയും ചെറുപ്പക്കാരടക്കം പലരും കറങ്ങി നടക്കുകയായിരുന്നു. എത്ര പറഞ്ഞാലും കേൾക്കാതെ കറക്കം കൂടിയവരെ പൊലീസ് നട്ടംകറക്കി. വാഹനം പിടിച്ചെടുത്ത് സ്റ്റേഷനിലാക്കി. വാഹനങ്ങൾ തത്ക്കാലം വിട്ടു നൽകില്ല എന്ന തീരുമാനത്തിലാണ്. പുത്തൻകുരിശിൽ നിയന്ത്രണം ലംഘിച്ച് കറങ്ങിയ എട്ട് ബൈക്കും, ഒരു കാറും, ഒരു ലോറിയും പൊലീസ് പിടിച്ചെടുത്ത് ഡ്രൈവർമാർക്കെതിരെ കേസെടുത്തു. കുന്നത്തുനാട്ടിൽ 20 ബൈക്കുകൾക്കെതിരെയും നിയന്ത്രണം ലംഘിച്ച് റബ്ബർ പാർക്കിൽ തുറന്ന സ്ഥാപന ഉടമക്കെതിരെയും കേസെടുത്തു.