പറവൂർ : പറവൂർ നഗരസഭയുടെ 2020 – 2021 സാമ്പത്തിക വർഷത്തെ 39,74,53,067 രൂപ വരവും 39,50,19,444 രൂപ ചെലവുംവരുന്ന ബഡ്ജറ്റ് വൈസ് ചെയർപേഴ്സൺ ജെസി രാജു അവതരിപ്പിച്ചു. മുനിസിപ്പൽ ചെയർമാർ ഡി. രാജ്കുമാർ അദ്ധ്യക്ഷത വഹിച്ചു. ഭവനരഹിതരില്ലാത്ത പറവൂരിനായി 88 ലക്ഷം രൂപ നീക്കിവച്ചു. വെടിമറയിലെ മാലിന്യസംസ്കരണ കേന്ദ്രത്തിന്റെ നവീകരണം, അംബേദ്കർ പാർക്കിൽ ഓപ്പൺ ജിംനേഷ്യം, വനിതകൾക്ക് ഹോസ്റ്റൽ, ഷീ–ലോഡ്ജ്, നഗരത്തിലെ പ്രധാന തോടുകളുടെ നവീകരണം, മുനിസിപ്പൽ സ്റ്റേഡിയം നവീകരണം, എൻ.യു.എൽ.എം പദ്ധതിയിലൂടെ കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കൽ, പൊതുശൗചാലയങ്ങളുടെ നവീകരണം, ജൈവ മാലിന്യ സംസ്കരണം എന്നിവയ്ക്കു പ്രാധാന്യം നൽകിയിട്ടുണ്ട്.

2021ൽ 100 വർഷം തികയ്ക്കുന്ന നഗരസഭയുടെ സമഗ്ര വികസനത്തിനു വിശദമായ പ്രൊജക്ട് റിപ്പോർട്ട് തയാറാക്കും. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ടി.വി. നിഥിൻ, ഡെന്നി തോമസ്, കൗൺസിലർമാരായ കെ.എ. വിദ്യാനന്ദൻ, വത്സല പ്രസന്നകുമാർ, എസ്. ശ്രീകുമാരി, സ്വപ്ന സുരേഷ് എന്നിവർ സംസാരിച്ചു. വോട്ടെടുപ്പിലൂടെയാണ് ബഡ്ജറ്റ് പാസാക്കിയത്. 14 യു.ഡി.എഫ് കൗൺസിലർമാർ അനുകൂലിച്ചും 13 എൽ.ഡി.എഫ് കൗൺസിലർമാർ എതിർത്തും വോട്ടുചെയ്തു. ബി.ജെ.പി കൗൺസിലർ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.

# വികസനത്തിന് ഉതകാത്ത ബഡ്ജറ്റ്: പ്രതിപക്ഷം

നഗരത്തിന്റെ വികസനത്തിനുതകുന്ന യാതൊരു പദ്ധതികളും പ്രഖ്യാപിക്കാത്ത ബഡ്ജറ്റാണെന്നും ആരോഗ്യ ശുചിത്വ മേഖല, വെടിമറ ഡമ്പിംഗ് യാർഡ്, ഭൂരഹിതർക്കു പാർപ്പിട സമുച്ചയം നിർമിക്കാൻ സ്ഥലം വാങ്ങൽ എന്നിവയ്ക്കായി ആവശ്യത്തിന് പണം നീക്കിവച്ചില്ലെന്നും പ്രതിപക്ഷം ആരോപിച്ചു.