പറവൂർ : ലോക്ക്ഡൗൺ പ്രഖ്യാപിച്ചിട്ടും പറവൂർ മാർക്കറ്റിൽ തുടർച്ചയായ രണ്ടാംദിനവും ആൾക്കൂട്ടം. യാതൊരു സുരക്ഷാമാർഗ നിർദ്ദേശങ്ങളും പാലിക്കാതെയാണ് ജനങ്ങൾ മാർക്കറ്റിലെത്തിയത്. ഇന്നലെ രാവിലെ മുതൽ മത്സ്യമാർക്കറ്റിലാണ് ആളുകൾ കൂട്ടംകൂടിനിന്നു മത്സ്യം വാങ്ങിയത്. സാധനങ്ങൾ വാങ്ങാനെത്തുന്നവർ പാലിക്കേണ്ട യാതൊരു നിയന്ത്രണവും ഉണ്ടായില്ല. മുൻകരുതൽ എടുക്കാതിരുന്നതിനെത്തുടർന്ന് മാർക്കറ്റ് ദിവസമായ ചൊവ്വാഴ്ചയുണ്ടായ വലിയ ജനത്തിരക്ക് ആശങ്ക ഉയർത്തിയിരുന്നു. കച്ചവടക്കാർക്ക് നഗരസഭ മാർഗനിർദ്ദേശം നൽകിയെങ്കിലും ഇന്നലെ വീണ്ടും മത്സ്യമാർക്കറ്റിൽ ആൾക്കൂട്ടം ഉണ്ടായി. പൊലീസെത്തിയാണ് ആളുകളെ നിയന്ത്രിച്ചത്.
സർക്കാർ നിർദേശമുണ്ടായിട്ടും മാർക്കറ്റിൽ നിയന്ത്രണമില്ലാതെ ആൾക്കൂട്ടമുണ്ടാകുന്നതു തടയാൻ രണ്ടു ദിവസങ്ങളിലും നഗരസഭാ അധികൃതർക്ക് കഴിയാതിരുന്നതിനെതിരെ പ്രതിഷേധം ശക്തമാണ്. സർക്കാർ നിർദേശങ്ങൾ അനുസരിച്ചേ മത്സ്യ, മാംസ മാർക്കറ്റുകൾ പ്രവർത്തിക്കാവൂ എന്ന നിർദേശം നേരത്തെ നൽകിയതാണ്. ഇനി നിയമലംഘനമുണ്ടായാൽ കടുത്തനടപടിയിലേക്ക് പോകുമെന്ന് നഗരസഭാ ചെയർമാൻ ഡി. രാജ്കുമാർ പറഞ്ഞു.