നെടുമ്പാശേരി: കൊറോണ ഭീതിക്കിടയിലും ദേശം കുന്നുംപുറത്ത് ജനതാ ഹോട്ടൽ കുത്തിത്തുറന്ന് സി.സി.ടി.വി കാമറയും പണവും സാധനങ്ങളും മോഷ്ടിച്ചു. കുന്നുംപുറം സ്വദേശി രാധാകൃഷ്ണന്റേതാണ് ഹോട്ടൽ. ഇതിനോട് ചേർന്ന് സ്റ്റേഷനറിക്കടയും നടത്തുന്നുണ്ട്.

ഹോട്ടലിൻെറ മുൻവശത്ത് സ്ഥാപിച്ചിരുന്ന സി.സി ടിവി കാമറയും അനുബന്ധ സാമഗ്രികളും മോഷ്ടിച്ചു. ക്ഷേത്രസംഭാവന ബോക്സിലെ പണവും കവർന്നു. സിഗരറ്റും സ്റ്റേഷനറി സാധനങ്ങളും നഷ്ടപ്പെട്ടിട്ടുണ്ട്. ഹോട്ടലിൻെറ പിന്നിലെ വരാന്തയിലൂടെയെത്തിയ മോഷ്ടാവ് വാതിൽ ആയുധമുപയോഗിച്ച് തകർത്ത ശേഷമാണ് പ്രവേശിച്ചിട്ടുള്ളത്. തുടർന്നാണ് ഹോട്ടലിൻെറ പ്രധാന ഹാളിന്റെ വാതിലും കുത്തിപ്പൊളിച്ചത്. സ്റ്റേഷനറി കടയിൽ പ്രവേശിക്കാതിരുന്നതിനാൽ കൂടുതൽ നഷ്ടമുണ്ടായില്ല. നെടുമ്പാശേരി പൊലീസ് അന്വേഷണം തുടങ്ങി.