പറവൂർ: ലോക്ക്ഡൗൺ ലംഘിച്ച് വാഹനത്തിൽ പുറത്തിറങ്ങിയതിനും കൂട്ടംകൂടിനിന്നതിനും നിർദ്ദേശം പാലിക്കാത്ത കടഉടമകൾ എന്നിവർക്കെതിരെ പറവൂരിൽ കേസെടുത്തു. പറവൂർ പൊലീസ് സ്റ്റേഷനിൽ 19, വടക്കേക്കരയിൽ 2, പുത്തൻവേലിക്കരയിൽ 4 കേസുകളാണ് രജിസ്റ്റർ ചെയ്തത്.
മന്നത്തുള്ള പച്ചക്കറിക്കടയിൽ പത്തിലേറെപ്പേരെ ഒരേസമയം അകത്തുകയറ്റിയതിന് കടഉടമയ്ക്കെതിരെയും പല്ലംതുരുത്തിൽ പൊതുറോഡിൽ കൂട്ടംകൂടിനിന്നതിനു രണ്ടു പേർക്കെതിരെയും അനുവദിച്ച സമയം കഴിഞ്ഞും തുറന്നുപ്രവർത്തിച്ച മത്സ്യ – മാംസ വില്പന കേന്ദ്രത്തിന്റെ ഉടമയ്ക്കെതിരെയും കേസെടുത്തു. വാഹനങ്ങളിൽ അനാവശ്യമായി നിരത്തിലിറങ്ങിയതിനാണ് മറ്റുകേസുകൾ രജിസ്റ്റർ ചെയ്തത്. സത്യവാങ്മൂലം പലരും ദുരുപയോഗം ചെയ്യുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇന്നു മുതൽ കർശനമായ നടപടികൾ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു. കേസെടുക്കുന്നവരുടെ വാഹനങ്ങൾ പൊലീസ് കസ്റ്റഡിയിലെടുക്കുന്നുണ്ട്. ലോക്ക്ഡൗൺ കാലാവധി കഴിഞ്ഞശേഷമേ ഇവ ഉടമകൾക്കു തിരിച്ചു നൽകുകയുള്ളൂവെന്നും പൊലീസ് പറഞ്ഞു.