കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതാ സാമൂഹ്യ പ്രവർത്തന വിഭാഗമായ സഹൃദയ കൊച്ചി സിറ്റി പൊലീസുമായി സഹകരിച്ച് നടപ്പാക്കുന്ന കാരുണ്യ സ്പർശം ഭക്ഷണ വിതരണ പദ്ധതിക്കു തുടക്കമായി. കൊറോണ ഭീതിയിൽ വ്യാപാര സ്ഥാപനങ്ങളാകെ അടച്ചിട്ടിരിക്കുന്ന സാഹചര്യത്തിൽ നഗരത്തിൽ അലഞ്ഞു തിരിയുന്ന ഭിക്ഷാടകർക്ക് ഭക്ഷണമെത്തിക്കുന്ന സംരംഭമാണ് കാരുണ്യസ്പർശം. സൗത്ത്, നോർത്ത് റെയിൽവേ സ്റ്റേഷനുകൾ, ഹൈക്കോടതി, കെ.എസ്.ആർ.ടി.സി സ്റ്റാൻഡ്, എം.ജി.റോഡ് പരിസരങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നത്. സിറ്റി പൊലീസ് അസി. കമ്മിഷണർ കെ.ലാൽജി പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു.സർക്കിൾ ഇൻസ്‌പെക്ടർമാരായ എസ്. വിജയകുമാർ, അനന്തലാൽ, സഹൃദയ ഡയറക്ടർ ഫാ.ജോസഫ് കൊളുത്തുവെള്ളിൽ, അസി.ഡയറക്ടർ ഫാ.ജിനോ ഭരണികുളങ്ങര, ബ്രദർ ഡിൻ്റോ മാണിക്കത്താൻ എന്നിവർ പങ്കെടുത്തു. ആദ്യഘട്ടത്തിൽ ഇരുനൂറോളം ഭക്ഷണ പൊതികളാണ് വിതരണം ചെയ്തത്.