നെടുമ്പാശേരി: കാർഷിക മേഖലയ്ക്കും ഭവന പദ്ധതികൾക്കും പ്രാധാന്യം നൽകി പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് ബഡ്ജറ്റ് അവതരിപ്പിച്ചു. 10.59 കോടി രൂപ വരവും 10.53 കോടി രൂപ ചിലവും പ്രതീക്ഷിക്കുന്നതാണ് ബഡ്ജറ്റ്.

വീടില്ലാത്തവർക്ക് വീട് നിർമ്മിച്ചു നൽകുന്ന ലൈഫ് മിഷൻ, പി.എം.എ.വൈ പദ്ധതികൾക്കായി 93.46 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. കാർഷിക മേഖലയിലെ ജലസേചന പദ്ധതികൾക്കായി 78.48 ലക്ഷം രൂപയും നെൽകൃഷി ജൈവ പച്ചക്കറി കൃഷിക്കായി 15.32 ലക്ഷം രൂപയും നീക്കിവച്ചിട്ടുണ്ട്. പ്രകൃതി വിഭവ പരിപാലനത്തിനും ഇറിഗേഷൻ പ്രവൃത്തികൾക്കുമായി 3.25 കോടി രൂപയും പശ്ചാത്തല മേഖലയിൽ അടിസ്ഥാന വികസനത്തിനായി ഒരു കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങളുടെ വികസനം, പട്ടികജാതി വിഭാഗങ്ങളുടെ ക്ഷേമ പ്രവർത്തനങ്ങൾ, അങ്കണവാടികളുടെ പ്രവർത്തനം , പാലിയേറ്റീവ് കെയർ തുടങ്ങിയ പദ്ധതികൾക്കും തുക വകയിരുത്തിയിട്ടുണ്ട്. വൈസ് പ്രസിഡന്റ് എസ്.ബി. ചന്ദ്രശേഖര വാര്യർ ബഡ്ജറ്റ് അവതരിപ്പിച്ചു. പ്രസിഡന്റ്റ് ബിന്ദു സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു.