അങ്കമാലി: കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്ത് സമ്പൂർണ അടച്ചുപൂട്ടൽ പ്രഖ്യാപിച്ച സാഹചര്യത്തിൽ മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികൾക്ക് അടിയന്തിര സഹായപദ്ധതി അനുവദിക്കണമെന്ന് അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയോഗം കേന്ദ്ര, സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു.
ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള കറുകുറ്റി, മൂക്കന്നൂർ, മഞ്ഞപ്ര, തുറവൂർ, അയ്യമ്പുഴ, മലയാറ്റൂർ, കാലടി, കാഞ്ഞൂർ പഞ്ചായത്തുകളിലായി 7396 തൊഴിലുറപ്പ് തൊഴിലാളികളുണ്ട്. 271 രൂപയാണ് പ്രതിദിനം ലഭിക്കുന്ന കൂലി. കഴിഞ്ഞ 4 മാസമായി കൂലി വിതരണം ചെയ്തിട്ടില്ല. തൊഴിലുറപ്പ് തൊഴിൽകൊണ്ട് കുടുംബം പുലർത്തുന്നവരാണ് ഏറെയും. ഒരാഴ്ചത്തേക്കെങ്കിലും മരുന്നും ഭക്ഷണവസ്തുകളും ഒരുമിച്ച് വാങ്ങാൻ കഴിയാത്തത്ര ഗതികേടിലാണ് തൊഴിലുറപ്പ് തൊഴിലാളികൾ
ഈ സാഹചര്യത്തിൽ തൊഴിലുറപ്പ് തൊഴിലാളികൾക്ക് സഹായവിലയ്ക്ക് മരുന്നും ഭക്ഷ്യവസ്തുക്കളും എത്തിച്ചുനൽകുന്നതിന് സാമ്പത്തികസഹായം നൽകുന്നതിനും നടപടികൾ സ്വീകരിക്കണമെന്ന് ബ്ലോക്ക് പഞ്ചായത്ത് കമ്മിറ്റിയോഗം ആവശ്യപ്പെട്ടു. ടി. എം. വർഗീസ് ഇത് സംബന്ധിച്ച പ്രമേയം അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ടി. പോൾ അദ്ധ്യക്ഷത വഹിച്ചു.