കൊച്ചി: പ്രതിപക്ഷത്തിൻ്റെ അഭാവത്തിൽ കൊച്ചി കോർപ്പറേഷൻ 2020-21 ബഡ്ജറ്റ് ഇന്നലെ പാസാക്കി. ലോക് ഡൗൺ കണക്കിലെടുത്ത് പത്തു മിനിറ്റു കൊണ്ട് നടപടികൾ പൂർത്തിയാക്കി ബഡ്ജറ്റ് പാസായതായി മേയർ പ്രഖ്യാപിക്കുകയായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഡെപ്യൂട്ടി മേയർ കെ.ആർ.പ്രേമകുമാർ ബഡ്ജറ്റ് അവതരിപ്പിച്ചത്.

അതേസമയം കൊറോണയുടെ പശ്ചാത്തലത്തിൽ ബഡ്ജറ്റുമായി ബന്ധപ്പെട്ട കൗൺസിൽ യോഗം മാറ്റിവെക്കണമെന്ന ആവശ്യം അവഗണിച്ചതിൽ പ്രതിഷേധിച്ച് ഇന്നലെ കൗൺസിൽ ഹാളിൽ നടന്ന യോഗം പ്രതിപക്ഷം ബഹിഷ്കരിച്ചു.

#കൊറോണയുടെ മറവിൽ ചുളുവിൽ പാസാക്കിയ ബഡ്ജറ്റ്

അംഗീകരിക്കില്ലെന്ന് പ്രതിപക്ഷം

ജില്ലയിൽ കളക്ടർ 144 പ്രഖ്യാപിച്ച സാഹചര്യത്തിൽ ജനപ്രതിനിധികൾ തന്നെ നിയമംലംഘിക്കുന്നത് ഒഴിവാക്കുന്നതിനാണ് യോഗം മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ടത്. എന്നാൽ ഇത് ചെവിക്കൊള്ളാതെ ചർച്ചക്ക് പോലും അവസരം നൽകാതെയാണ് ജന വിരുദ്ധമായ ബഡ്ജറ്റ് പാസാക്കിയതെന്ന് നഗരസഭ പ്രതിപക്ഷ നേതാവ് കെ.ജെ.ആൻ്റണിയും, എൽ. ഡി .എഫ് പാർലിമെൻ്ററി പാർട്ടി സെക്രട്ടറി വി.പി.ചന്ദ്രനും കുറ്റപ്പെടുത്തി. നഗരത്തെ നാശത്തിലേക്ക് നയിക്കുന്ന ജനവിരുദ്ധമായ ബഡ്‌ജറ്റ് തങ്ങൾ അംഗീകരിക്കില്ലെന്നും അവർ പറഞ്ഞു.