കിഴക്കമ്പലം: പൊലീസ് നിയന്ത്റണം തെറ്റിച്ച് സഞ്ചരിച്ച വാഹനം തടഞ്ഞ പൊലീസുകാരെ കൈയേറ്റം ചെയ്ത സഹോദരങ്ങളെ അറസ്റ്റ് ചെയ്തു. ചെമ്പറക്കി, നടക്കാവ് ഞാറക്കാട്ടിൽ നിഷാദിൽ(22), സഹോദരൻ നിഷാദ് (20) എന്നിവരെയാണ് തടിയിട്ടപറമ്പ് പൊലീസ് അറസ്റ്റു ചെയ്തത്. ഇന്നലെ രാവിലെ ചെമ്പറക്കിയിൽ വാഹന പരിശോധനക്കിടെ ഇരുചക്ര വാഹനത്തിലെത്തിയ ഇവരെ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കുന്നതിനിടെയിരുന്നു അക്രമം. വീട്ടു സാധനങ്ങൾ വാങ്ങാനായാണ് പുറത്തിറങ്ങിയതെന്നാണ് ഇവർ പറഞ്ഞത്. അതിന് ഒരാൾ പോരെയെന്ന് ചോദിച്ചതോടെ ഇവർ ക്ഷുഭിതരായി പൊലീസുകാരെ കൈയേറ്റം ചെയ്യുകയായിരുന്നു. ഇൻഫോപാർക്കിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ് നിഷാദ്, കണ്ടന്തറയിൽ സ്വകാര്യ വാഹനത്തിലെ ഡ്രൈവറാണ് നിഷാദിൽ. ഔദ്യോഗിക കൃത്യ നിർവഹണം തടസപ്പെടുത്തിയതിനും പൊലീസിനെ കൈയ്യേറ്റം ചെയ്തതിനുമാണ് കേസ്. ഇവരെ റിമാൻഡ് ചെയ്തു.