കൊച്ചി: വൈപ്പിനിലെ ഒരു മരണവീട്ടിലേക്ക് എത്തി നോക്കുന്ന നാട്ടുകാർ. ഒരിക്കലും വിശ്വസിക്കാൻ പറ്റാത്ത കാഴ്ച. ഗൃഹനാഥനാണ് മരിച്ചത്. നാട്ടുകാരുമായി നല്ല ബന്ധം പുലർത്തിയിരുന്നു. നാട്ടുകാർക്കെല്ലാം ചെന്ന് കാണണമെന്നുണ്ട്. പക്ഷേ കൊറോണയെ പ്രതിരോധിക്കാൻ ഏർപ്പെടുത്തിയ കർശന നിയന്ത്രണമാണ് തടസം.
വീട്ടുകാരൻ മരിച്ചതറിഞ്ഞ് ആ പ്രദേശത്തിന്റെ ചുമതലക്കാരിയായ ആശ വർക്കർ വീട്ടിലേക്ക് പാഞ്ഞെത്തി. പാലിക്കേണ്ട നിർദ്ദേശങ്ങളടങ്ങിയ പാേസ്റ്റർ വീടിന്റെ ചുമരിൽ പതിച്ചു. പത്തു പേരിൽ കൂടുതൽ വീട്ടിൽ കാണരുതെന്നായിരുന്നു പ്രധാന നിർദ്ദേശം. അത് ലംഘിക്കുന്നുണ്ടോയെന്നറിയാൻ അവർ സ്കൂട്ടറിൽ ഇരുപ്പുറപ്പിച്ചു. ഒരാൾ കൂടിയാൽ അപ്പോൾ ഓടിക്കും. അതിനാലാണ് നാട്ടുകാർ പറമ്പിനപ്പുറം എത്തി നോൽക്കുന്നത്. സമയപരിധിയുടെ പ്രശ്‌നമുണ്ടായിരുന്നതിനാൽ നാട്ടുകാർക്ക് എല്ലാവർക്കും കാണാൻ കഴിഞ്ഞില്ല. വീട്ടുകാർ തന്നെ അഞ്ചു പേർ സ്ഥിരമായി അവിടെയുണ്ടായിരുന്നു.
മരണാനന്തരകർമ്മകൾക്ക് ശാന്തിക്കാരന്റെ സഹായി നേരത്തെ വന്ന് കാര്യങ്ങൾ ഒരുക്കി സ്ഥലം വിട്ടു. പിന്നീടാണ് ശാന്തിക്കാരൻ എത്തിയത്. നേരത്തെ ഇരുവരും ഒരുമിച്ചാണ് കാര്യങ്ങൾ ചെയ്‌തിരുന്നത്. മൃതദേഹം സംസ്ക്കരിക്കേണ്ടത് മുരിക്കുംപാടം ശ്മശാനത്തിൽ. ആംബുലൻസിൽ ഡ്രൈവറെ കൂടാതെ കയറാൻ രണ്ടു പേർക്കാണ് അനുമതി. ശ്‌മാശനത്തിലെത്തി. രണ്ടു പേർ ബൈക്കിനുമെത്തി. ബന്ധുക്കളായ ആ രണ്ടു പേർ ചിതയ്‌ക്ക് തീ കൊളുത്തി. ശ്മശാന നടത്തിപ്പുകാരനായിരുന്നു അഞ്ചാമതൊരാൾ. എല്ലാം നിരീക്ഷിച്ച് ആശാ വർക്കറും പായുന്നുണ്ടായിരുന്നു. ഒരു ശ്മശാന മൂകത.