കൊച്ചി : സംസ്ഥാനത്തെ വിവിധ കോടതികളും ട്രൈബ്യൂണലുകളും നൽകിയ സ്റ്റേ ഉൾപ്പെടെയുള്ള ഇടക്കാല ഉത്തരവുകളുടെ കാലാവധി ഹൈക്കോടതി ഒരുമാസത്തേക്ക് നീട്ടി. ലോക്ക് ഡൗണായതിനാൽ ഇടക്കാല ഉത്തരവിന്റെ കാലാവധി നീട്ടിക്കിട്ടുന്നതിന് കോടതികളെ സമീപിക്കാനോ അപേക്ഷ നൽകാനോ കഴിയാത്തതിനാൽ ഹൈക്കോടതി ഇടപെടണമെന്ന് അഡിഷണൽ അഡ്വക്കേറ്റ് ജനറൽ രഞ്ജിത്ത് തമ്പാൻ ഉൾപ്പെടെയുള്ള സർക്കാർ അഭിഭാഷകർ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. തുടർന്ന് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഫുൾബെഞ്ച് വിഷയം സ്വമേധയാ പരിഗണിച്ചാണ് കാലാവധി നീട്ടിയത്. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവുകൾക്കും ഇതു ബാധകമാണ്.
വൈദ്യുതി, വെള്ളം, അബ്കാരി തുടങ്ങിയ വിഷയങ്ങളിലെ റിക്കവറി നടപടികളിൽ പണം അടയ്ക്കാനുള്ള കാലാവധി ഏപ്രിൽ 30 വരെ നീട്ടാൻ മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ടെന്ന് അഡി. എ.ജി ഹൈക്കോടതിയിൽ അറിയിച്ചു. ഹൈക്കോടതിയും സെഷൻസ് കോടതികളും നൽകിയ ഇടക്കാല ജാമ്യത്തിന്റെ കാലാവധി ലോക്ക് ഡൗൺ സമയത്ത് കഴിയുന്ന സാഹചര്യമുണ്ടെന്ന് സീനിയർ പബ്ളിക് പ്രോസിക്യൂട്ടർ അറിയിച്ചു. ഇതു കണക്കിലെടുത്ത് ഇടക്കാല ജാമ്യത്തിന്റെയും മുൻകൂർ ജാമ്യത്തിന്റെയും കാലാവധിയും ഒരു മാസത്തേക്ക് നീട്ടി.
ജാമ്യാപേക്ഷ പരിഗണിക്കാൻ ഉന്നതാധികാര സമിതി
വിചാരണത്തടവുകാരുടെ ജാമ്യാപേക്ഷയടക്കം പരിഗണിക്കാൻ സംസ്ഥാനതലങ്ങളിൽ ഉന്നതാധികാര സമിതിക്ക് രൂപം നൽകണമെന്ന് സുപ്രീംകോടതി നിർദ്ദേശിച്ചതുപ്രകാരം സംസ്ഥാന ലീഗൽ സർവീസ് അതോറിറ്റി എക്സിക്യൂട്ടീവ് ചെയർമാൻ, ആഭ്യന്തര - ജയിൽ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, ജയിൽ ഡി.ജി.പി എന്നിവരുൾപ്പെട്ട ഉന്നതാധികാര സമിതിക്ക് രൂപം നൽകിയെന്ന് സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. മുൻകൂർ ജാമ്യാപേക്ഷകളെക്കുറിച്ച് സുപ്രീംകോടതി ഒന്നും പറയാത്ത സാഹചര്യത്തിൽ പ്രതികളുടെ അറസ്റ്റ് അനിവാര്യമല്ലാത്ത ഘട്ടങ്ങളിൽ ഭരണഘടന ഉറപ്പുനൽകുന്ന വ്യക്തിസ്വാതന്ത്ര്യം ഹനിക്കുന്ന തരത്തിലുള്ള ഒരു നടപടിയും ഉണ്ടാകരുതെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. ഇത്തരം അറസ്റ്റുകളിൽ ഭരണഘടനാപരമായ ബാദ്ധ്യത പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. അറസ്റ്റുചെയ്ത പ്രതികളെ മജിസ്ട്രേട്ട് മുമ്പാകെ ഹാജരാക്കുമ്പോൾ ഇവരെ പൊലീസ് കസ്റ്റഡിയിലോ ജുഡിഷ്യൽ കസ്റ്റഡിയിലോ വിടേണ്ടതുണ്ടോയെന്ന് പരിശോധിക്കണം.